സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ വലിയ മാറ്റങ്ങൾ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണം പുനഃസംഘടിപ്പിക്കുന്നതിനുള്ള നൂതന നിർദേശങ്ങളാണ് എസ്‌സിഇആർടി തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദേശങ്ങളടങ്ങിയ മാർഗരേഖയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
‘ബാക്ക് ബെഞ്ചർ’ എന്ന ആശയം ഇല്ലാതാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാടാണ് ഈ മാറ്റങ്ങൾക്ക് അടിത്തറയാകുന്നത്.20 വിദ്യാർഥികൾ വരെയുള്ള ക്ലാസുകളിൽ യു ആകൃതിയിലോ അർധവൃത്താകൃതിയിലോ ഇരിപ്പിട ക്രമീകരണം നടത്താമെന്നാണ് നിർദേശം. പരമ്പരാഗത ബെഞ്ച്–ഡെസ്ക് സംവിധാനം ഒഴിവാക്കി, ഭാരം കുറഞ്ഞ മേശകളും കസേരകളും ഉപയോഗിക്കണം.
വിഷയത്തിന്റെ സ്വഭാവം അനുസരിച്ച് ക്ലാസ് മുറി ക്രമീകരണം മാറ്റാൻ ഇത് സഹായകമാകും. ശാസ്ത്ര വിഷയങ്ങൾക്ക് നാല് മുതൽ ആറ് പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ് ടേബിളുകൾ, ഭാഷാ–ഡിജിറ്റൽ–ശ്രവണ–സംസാര ക്ലാസുകൾക്ക് യു ആകൃതിയിലുള്ള ക്രമീകരണം, സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്ക് വൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ എന്നിങ്ങനെയാണ് ശുപാർശ.ക്ലാസ് തലങ്ങൾക്കനുസരിച്ചും വ്യത്യസ്ത ഇരിപ്പിട ക്രമീകരണങ്ങളുണ്ട്.
പ്രീ-പ്രൈമറി, പ്രൈമറി ക്ലാസുകളിൽ യു ആകൃതി, പ്രൈമറിയിൽ പെയർ ഷെയറിങ്, അപ്പർ പ്രൈമറിയിൽ സ്റ്റേഡിയം സീറ്റിങ്ങും കോമ്പിനേഷൻ ലേഔട്ടും, സെക്കൻഡറി–ഹയർ സെക്കൻഡറി തലങ്ങളിൽ വൃത്താകൃതിയിലോ അർധവൃത്താകൃതിയിലോ ആയ ക്രമീകരണങ്ങളുമാണ് നിർദേശിക്കുന്നത്. 30ൽ താഴെ വിദ്യാർഥികളുള്ള ക്ലാസുകൾക്ക് ഇരട്ട യു ആകൃതിയിലുള്ള ക്രമീകരണം അനുയോജ്യമാണെന്നും റിപ്പോർട്ട് പറയുന്നു.
ക്ലാസ് മുറികളിൽ ലോക്കർ സംവിധാനം ഏർപ്പെടുത്തണമെന്നും ശുപാർശയുണ്ട്. പരമ്പരാഗത ഡെസ്കുകൾക്കൊപ്പം ബീൻ ബാഗുകൾ, ഫ്ലോർ കുഷനുകൾ, സ്റ്റൂളുകൾ, ഉയരം ക്രമീകരിക്കാവുന്ന കസേരകൾ തുടങ്ങിയ വിവിധ ഇരിപ്പിട ഓപ്ഷനുകളും പരിഗണിക്കാം.ഇരിപ്പിട ക്രമീകരണത്തോടൊപ്പം സ്കൂൾ കെട്ടിടങ്ങളുടെ രൂപകല്പനയിലും മാറ്റം ആവശ്യമാണ്. ഓരോ വിദ്യാർഥിക്കും ക്ലാസ് മുറിയിൽ കുറഞ്ഞത് 10 ചതുരശ്രയടി സ്ഥലമെങ്കിലും ഉറപ്പാക്കണം. 65 വിദ്യാർഥികൾ ഉൾപ്പെടുന്ന ക്ലാസുകളിൽ ഒരാൾക്ക് 1.2 ചതുരശ്ര മീറ്റർ സ്ഥലം ലഭിക്കണം. സ്ഥിരമായ ചതുരാകൃതിയിലുള്ള ക്ലാസ് മുറികൾ ഒഴിവാക്കി കൂടുതൽ സൗകര്യപ്രദമായ രൂപങ്ങൾ സ്വീകരിക്കണം.
ചക്രങ്ങളുള്ള കസേരകളും മേശകളും ഉപയോഗിക്കുന്നതും പരിഗണിക്കാവുന്നതാണ്.ക്ലാസ് മുറികളിലേക്ക് പരമാവധി സൂര്യപ്രകാശം എത്തിക്കുന്നതിനും സ്കൂൾ ഗ്രൗണ്ടുകളിൽ ഇരിപ്പിടങ്ങൾ ഒരുക്കി പഠനം കൂടുതൽ ചലനാത്മകമാക്കുന്നതിനും നിർദേശങ്ങളുണ്ട്. സ്ഥലപരിമിതിയുള്ള സ്കൂളുകളിൽ ഭിത്തിയിലേക്ക് മടക്കിവെക്കാവുന്ന മേശകൾ, സംഭരണ സൗകര്യമുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം മാറ്റങ്ങൾ വിദ്യാർഥികൾക്കിടയിലെ ആശയവിനിമയം വർധിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. കരട് റിപ്പോർട്ടിന്മേൽ അഭിപ്രായങ്ങൾ അറിയിക്കാൻ ഈ മാസം 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
