എൻഎസ്എസ്–എസ്എൻഡിപി ഐക്യം രൂപപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടു. തുഷാർ വെള്ളാപ്പള്ളിയെ ദൂതനായി മുന്നോട്ട് നിർത്തിയായിരുന്നു ബിജെപിയുടെ അണിയറ നീക്കം. എൻഎസ്എസ് വോട്ടുകൾ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് തിരിച്ചറിഞ്ഞതോടെയാണ് എൻഎസ്എസ് ഐക്യനീക്കത്തിൽ നിന്ന് പിന്മാറിയത്.
തുഷാർ പെരുന്നയിലേക്ക് വരേണ്ടതില്ലെന്ന് ജി. സുകുമാരൻ നായർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എസ്എൻഡിപിയുമായുള്ള സാമുദായിക ഐക്യം ബിജെപിക്ക് ഗുണകരമാകുമോ എന്ന സംശയം ഉയർന്നതോടെയാണ് എൻഎസ്എസ് ഉടനടി നിലപാട് മാറ്റിയതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐക്യം പരാജയപ്പെടാൻ കാരണമായത് തുഷാറിന്റെ വരവാണെന്നും, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടി നേതാവായതിനാൽ ദൂതനാക്കുന്നതിൽ എൻഎസ്എസിന് സംശയമുണ്ടായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.
സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കാര്യത്തിൽ എൻഎസ്എസ് എപ്പോഴും സമദൂര നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. എൻഎസ്എസ്–എസ്എൻഡിപി ഐക്യം ഇനി അടഞ്ഞ അധ്യായമാണെന്നും, നിലപാട് മാറ്റത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇടപെട്ടിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഐക്യനീക്കം പ്രായോഗികമല്ലെന്ന എൻഎസ്എസ് ഡയറക്ടർ ബോർഡിന്റെ നിഗമനത്തിന് പിന്നാലെയാണ് ഔദ്യോഗികമായി പിന്മാറ്റം ഉണ്ടായത്. പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
