കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഫെഡറൽ ഇന്ത്യയുടെ “മരണവാറണ്ട്” ആണെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അധികാരങ്ങൾ കവർന്നെടുക്കുന്നതാണ് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

വനിതാസംവരണ നിയമഭേദഗതികൾക്ക് മുമ്പ് വിശദമായ ചർച്ചയും ആലോചനയും വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ സീറ്റ് വർധനവുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും, ബില്ലുകളുടെ കരട് പരിശോധിക്കുമ്പോൾ അതിനുള്ള വ്യക്തമായ ഉറപ്പ് ഒന്നും കാണുന്നില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

1971 ലെ സെൻസസിന് പകരം 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ ഗണ്യമായി ഉയരുമെന്നും, ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയുടെ “കോളനിയാക്കി” മാറ്റാനുള്ള നീക്കങ്ങളാണ് ബില്ലുകളിൽ പ്രതിഫലിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു.