പാരിയത്തുകാവിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ മുത്തങ്ങ സമരത്തിന്റെയും കർണാടകയിലെ ‘ബുൾഡോസർ രാഷ്ട്രീയ’ത്തിന്റെയും മറ്റൊരു പതിപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. പാവപ്പെട്ടവരെ ഒഴിപ്പിക്കുന്ന നടപടികൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയൊഴിപ്പിക്കൽ ശ്രമത്തിനിടെ നടന്ന പോലീസ് നടപടിയെ ശക്തമായി വിമർശിച്ച ഗോവിന്ദൻ മാസ്റ്റർ , സമരത്തിനിടെ പരിക്കേറ്റ സ്ത്രീയോടും ചികിത്സയിലിരിക്കെ ആക്രമിക്കപ്പെട്ട രോഗിയോടും നേരിട്ട് സംസാരിച്ചുവെന്നും പറഞ്ഞു. ഇത്തരം നടപടികൾ കേരളത്തിൽ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1921 മുതൽ നാല് തലമുറകളായി ഈ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെയാണ് ഇപ്പോൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.എം.എസ് സർക്കാരിന്റെ കാലം മുതൽ കേരളത്തിൽ നടപ്പിലാക്കിയ ഭൂസമരങ്ങളുടെയും കുടിയൊഴിപ്പിക്കൽ വിരുദ്ധ നിയമങ്ങളുടെയും ഫലമായാണ് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാരിയത്തുകാവിലെ തർക്കഭൂമി മാത്രമല്ല, ആകെ 19 ഏക്കർ റവന്യൂ പുറമ്പോക്ക് ഭൂമിയിലുള്ള എല്ലാവരെയും സംരക്ഷിക്കണമെന്നും താമസക്കാർക്ക് പട്ടയം നൽകി അവിടെത്തന്നെ തുടരാൻ അനുവദിക്കണമെന്നും സിപിഐഎം നിലപാടാണെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. കോടതി നടപടികളുടെ പേരിൽ പാവപ്പെട്ടവരെ തെരുവിലിറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
