യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജെനീഷിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. ജെനീഷിന്റെ പരാമർശങ്ങൾക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചിന്ത പ്രതികരിച്ചത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഒരു യുവാവ് കേരള മന്ത്രിസഭയിൽ അംഗമായത് സ്വാഗതാർഹമാണെന്ന് ചിന്ത ജെറോം പറഞ്ഞു. എന്നാൽ, പാവപ്പെട്ട ജനങ്ങളിൽ നിന്ന് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ പോലെ സംസ്ഥാന ഖജനാവിനെയും ദുരുപയോഗം ചെയ്യരുതെന്ന് അവർ വിമർശിച്ചു.
മുൻ യൂത്ത് കോൺഗ്രസ് നേതാക്കളെ കേസുകളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി മന്ത്രി സ്ഥാനം ഉപയോഗിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത കുറിപ്പിൽ വ്യക്തമാക്കി. അതോടൊപ്പം, സോഷ്യൽ മീഡിയ പ്രമോട്ടർമാരെ ഉപയോഗിച്ച് വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെ ചിന്ത ജെറോമിനെതിരെ ഒ.ജെ. ജെനീഷ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. വനിതാ അധ്യക്ഷയെ തെരുവിൽ കേൾക്കാൻ അസ്വസ്ഥതയുണ്ടാക്കുന്ന മുദ്രാവാക്യങ്ങളുമായി ബന്ധിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇതിന് മറുപടിയായി, ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിക്കിടെ ഒരു പ്രവർത്തകൻ ഉയർത്തിയ മുദ്രാവാക്യം സ്ത്രീവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അത് ആവർത്തിക്കരുതെന്ന് പൊതുവേദിയിൽ തന്നെ വ്യക്തമാക്കിയതാണ് തങ്ങളുടെ രാഷ്ട്രീയ സംസ്കാരമെന്ന് ചിന്ത ജെറോം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
