ഭക്ഷ്യക്കിറ്റ്; വയനാട്ടിൽ ബിജെപി പ്രവർത്തകരെ പൊലീസ് പിടികൂടി

വയനാട് ലോക്സഭാ മണ്ഡലത്തിലെ കൽപ്പറ്റയിൽ വീണ്ടും ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ തെക്കുംതറയിലെ ബിജെപി പ്രവർത്തകനായ ശശി വികെയുടെ വീട്ടിൽ നിന്നാണ്‌ കിറ്റുകൾ പിടികൂടിയത്‌. നൂറിലധികം പാക്കറ്റ് പല വ്യഞ്ജന സാധനങ്ങളുടെ കിറ്റുകൾ കൽപ്പറ്റ പൊലീസ് പിടിച്ചെടുത്തു.

ആദിവാസി കോളനികൾ വിതരണം ചെയ്യുന്നതിനായി ബിജെപി പ്രവർത്തകർ ശേഖരിച്ച കിറ്റുകളാണ്‌ പിടികൂടിയത്‌. ബിജെപി പ്രവർത്തകർ പണവും കിറ്റും തന്നുവെന്ന് മടക്കിമല ആദിവാസി കോളനിയിലെ വോട്ടർ വെളിപ്പെടുത്തി.
അതേസമയം, ബത്തേരിയിൽ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ നടപടിയെന്ന് വയനാട് ജില്ലാ കളക്ടർ ആർ രേണുരാജ് പറഞ്ഞു.

ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജില്ലാ വരണാധികാരികൂടിയായ കളക്ടർ അറിയിച്ചു.

25-Apr-2024