ബിഷപ്പിന്റെ പീഡനക്കേസ് ദിശാബോധത്തോടെ അന്വേഷണ സംഘം

തിരുവനന്തപുരം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലവില്‍ െ്രെകംബ്രാഞ്ചിന് അന്വേഷണം കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം നെല്ലിനോട് പറഞ്ഞു.

ബിഷപ്പിനെതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഐ ജി വിജയ് സാഖറേയാണ്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി ജി പി പറഞ്ഞു.

അന്വേഷക സംഘവുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നെല്ല് നടത്തിയ സംഭാഷണത്തിലെ ചില ചോദ്യങ്ങളും ഉത്തരങ്ങളും.

ചോദ്യം : ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണോ?

ഉത്തരം : അതെ, തൃപ്തികരമാണ്.

ചോദ്യം : അന്വേഷണത്തില്‍ വീഴ്ചവന്നിട്ടുണ്ടെന്ന് പറയുന്നതില്‍ കഴമ്പുണ്ടോ ?

ഉത്തരം : ഇല്ല. നാലുവര്‍ഷം മുമ്പ് സംഭവത്തെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. അപ്പോള്‍ പലതും ചികഞ്ഞെടുക്കാനുള്ള സാവകാശം വേണ്ടിവരും. നാലുവര്‍ഷം മുമ്പുള്ള കാര്യങ്ങളെല്ലാം ഇപ്പോഴും അതേപടി ഉണ്ടാവില്ലല്ലോ. അത്തരത്തിലുള്ളൊരു സാഹചര്യത്തില്‍ നിന്നാണ് ഇത്രയേറെ മുന്നേറാന്‍ അന്വേഷക സംഘത്തിന് കഴിഞ്ഞിട്ടുള്ളത് എന്നത് മനസിലാക്കണം.

ചോദ്യം: ഇത്രയും കാലതാമസം ഉണ്ടാവുന്നതിനുള്ള കാരണം എന്താണ് ?

ഉത്തരം : കാലതാമസം എന്ന് പറയുന്നതില്‍ കഴമ്പില്ല. നാലുവര്‍ഷം മുമ്പ് നടന്ന സംഭവമാണല്ലൊ. പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാളും സാക്ഷികളില്‍ പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണുള്ളത്. സാക്ഷികളില്‍ ഭൂരിഭാഗവും വനിതകളുമാണ്. അവരുടെ താമസസ്ഥലത്തുചെന്ന് അവരുടെ സൗകര്യങ്ങളെല്ലാം പരിഗണിച്ച് മൊഴിയെടുക്കാനേ സാധിക്കുകയുള്ളു. അങ്ങനെ മുന്നോട്ടുപോകുമ്പോള്‍ ആവശ്യമായ ഒരു സമയമുണ്ട്. അതുമാത്രമേ എടുത്തിട്ടുള്ളു.

ചോദ്യം : പഴുതുകളടച്ച് തെളിവുകള്‍ ശേഖരിച്ച് മുന്നോട്ടുപോവുന്നു എന്നാണല്ലൊ എപ്പോഴും പറയാറ്. മറ്റ് കേസുകളില്‍ നിന്നും വ്യത്യസ്തമായി ഇത്രമാത്രം ജാഗ്രതയും അവധാനതയും ഈ കേസ് ആവശ്യപ്പെടുന്നുണ്ടോ?

ഉത്തരം : തീര്‍ച്ചയായും. ഏത് കേസും അങ്ങനെ തന്നെയാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ കേസില്‍ നിങ്ങള്‍ നോക്കൂ, കുറ്റകൃത്യം നടന്ന് ഒരുവര്‍ഷം വരെ മാത്രമേ ഫോണ്‍ വിവരങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ലഭ്യമാവുകയുള്ളു. മൊബൈല്‍ സേവനദാതാക്കള്‍ പരമാവധി ഒരുവര്‍ഷം മാത്രമേ വിവരങ്ങള്‍ സൂക്ഷിക്കുകയുള്ളു. ഇത് നാല് വര്‍ഷം മുന്‍പ് നടന്ന സംഭവത്തെ കുറിച്ചുള്ള പരാതി ആണ് എന്നത് നോക്കണം. ബിഷപ്പ് അയച്ച അശ്ലീല സന്ദേശം ലഭിച്ചതായി പരാതിക്കാരി പറഞ്ഞിട്ടുള്ള, പ്രധാന തെളിവായ മൊബൈല്‍ഫോണ്‍ ഇതുവരെ അന്വേഷക സംഘത്തിന് കൈമാറിയിട്ടില്ല. അത്തരം കാര്യങ്ങളെയൊക്കെ പരിഗണിക്കുമ്പോള്‍ അവധാനത ആവശ്യമായി വരും.

ചോദ്യം : കോടതി അന്വേഷണത്തോട് എങ്ങിനെയാണ് പ്രതികരിച്ചിട്ടുള്ളത് ?

ഉത്തരം : ഹൈക്കോടതി ആഗസ്ത് 17ന് അന്വേഷണ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ചോദ്യം : അത്ര മികച്ചൊരു അന്വേഷണമാണെങ്കില്‍ പിന്നെന്തിനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാനുള്ള നീക്കം? കേസട്ടിമറിക്കാനുള്ള നീക്കമുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തരം : അത്തരത്തിലുള്ള ഒരു നീക്കവുമില്ല. അത്തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്. അത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ നിഗൂഡ ലക്ഷ്യങ്ങളുണ്ട്. അത്തരം വാര്‍ത്തകള്‍ ഫലത്തില്‍ കുറ്റവാളികളെ സഹായിക്കാനുള്ള ശ്രമമായിട്ടാണ് അവസാനം മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അതായത്, ഒന്നും നടക്കുന്നില്ല എന്നൊരു പൊതുബോധമുണ്ടാക്കി അന്വേഷക സംഘത്തെ സമ്മര്‍ദ്ദത്തിലാക്കി കൃത്യമായ തെളിവുകളും മറ്റുമില്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ രക്ഷപ്പെടുന്നത് എപ്പോഴും കുറ്റവാളികള്‍ തന്നെയാവും. അത് ആഗ്രഹിക്കുന്നവരാണ് കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

ചോദ്യം : കന്യാസ്ത്രീകള്‍ അന്വേഷണം ബ്രാഞ്ചിനുമാറുന്നതിനെതിരെ രംഗത്തുവന്നല്ലൊ?

ഉത്തരം : അവര്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വിശ്വസിച്ചാണ് ഇപ്പോഴത്തെ അന്വേഷണ സംഘത്തെ മാറ്റരുതെന്നും അവരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്. അന്വേഷക സംഘത്തെയും പോലീസ് സംവിധാനത്തെയും തെറ്റാണെന്ന് വരുത്തി തീര്‍ക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമമാണ് ഇവിടെ വിജയിക്കുന്നത്. കന്യാസ്ത്രീകളും പരാതിക്കാരിയും അവരെ വിശ്വാസത്തിലെടുത്താണ് പ്രതികരണങ്ങള്‍ നടത്തുന്നത്.

ചോദ്യം : അന്വേഷക സംഘം ഈ കേസുമായി മുന്നോട്ടുപോകുമ്പോള്‍ എന്തൊക്കെ തെളിവുകളാണ് പ്രധാനമായും കൈയ്യിലുള്ളത്?

ഉത്തരം : സാക്ഷിമൊഴികളാണ് പ്രധാനമായും ലഭ്യമായിട്ടുള്ളത്. അതില്‍ ഒരു കാര്യം പറയാനുള്ളത് മൊഴികളിലുള്ള വൈരുദ്ധ്യമാണ്. അത്തരം കാര്യങ്ങള്‍ പരിശോധിക്കാതെ മുന്നോട്ടുപോകാനാവില്ലല്ലോ. തെളിമയോടെ അന്വേഷണം പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും.

ചോദ്യം : സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്, മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സമ്മര്‍ദ്ദം ഈ കേസിലുണ്ടോ?

ഉത്തരം : ഒരിക്കലുമില്ല. അത്തരത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള ജാഗ്രതയും അവധാനതയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട കാര്യമില്ല. കുറ്റവാളികള്‍ ആരാണെങ്കിലും എത്ര ഉന്നതനാണെങ്കിലും രക്ഷപ്പെട്ടുപോകാന്‍ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്.

10-Sep-2018