ജനരോഷത്തെ വെല്ലുവിളിച്ച് ഇന്നും എണ്ണവില വര്‍ധിപ്പിച്ചു.

എറണാകുളം : ഇന്ധനവില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് രാജ്യമാകെ പ്രതിഷേധം ആളിപ്പടര്‍ന്നിട്ടും ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ് വരുത്തി എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും. ഇന്നലെ ഇന്ധനവിലയില്‍ പ്രതിഷേധിച്ചുള്ള അഖിലേന്ത്യാ ബന്ദിന് വന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. രാജ്യമാകെ പ്രതിഷേധത്തില്‍ അണിചേരുകയായിരുന്നു. അതിന് ശേഷവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുക തന്നെയാണ്. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05 രൂപയിലേക്ക് കുതിച്ചു. പ്രാദേശിക തീരുവകളും കടത്തുകൂലിയും കാരണമാണ് പര്‍ഭാനിയില്‍ എണ്ണവില മറ്റിടങ്ങളിലേതിനേക്കാള്‍ കൂടുന്നത്. പെട്രോളിനും ഡീസലിനും ഏറ്റവുമധികം തീരുവ ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കേന്ദ്ര സംസ്ഥാന നികുതികളായി സംസ്ഥാനത്ത് പെട്രോളിനു മേല്‍ 65 ശതമാനത്തോളം തീരുവ നിലവിലുണ്ട്. കേന്ദ്ര നികുതിക്കു പുറമേ മഹാരാഷ്ട്ര പെട്രോളിനു മേല്‍ 25 ശതമാനം മൂല്യ വര്‍ധിത നികുതി ചുമത്തുന്നുണ്ട്. ഇതിനു പുറമേ സംസ്ഥാനത്ത് ഒമ്പതു രൂപ സര്‍ചാര്‍ജുമുണ്ട്. മഹാരാഷ്ട്രയില്‍ ഇന്നലെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ലക്ഷക്കണക്കിന് ഓട്ടോ തെഴിലാളികളും ടാക്‌സി തൗഴിലാളികളും ബന്ദില്‍ അണിചേര്‍ന്നു. ശിവസേനയുടെയും ബി ജെ പിയുടെയും പ്രവര്‍ത്തകര്‍ വരെ വാഹനങ്ങള്‍ റോഡിലിറക്കിയില്ല. ഇത് മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ആദ്യത്തെ അനുഭവമാണ്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയും. കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77 .15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂട്ടിയിരുന്നു.

അന്താരാഷ്ട്ര വിപണയില്‍ എണ്ണ വില കുറഞ്ഞ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. 2014നും 16നുമിടയ്ക്ക് ഒമ്പതു തവണകളിലായി പെട്രോളിന്റെ തീരുവയില്‍ 11.77 രൂപയുടെയും ഡീസലിന്റെ തീരുവയില്‍ 13.47 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. എന്നാല്‍ വില ഉയര്‍ന്നപ്പോള്‍ എക്‌സൈസ് തീരുവയില്‍ ആകെ രണ്ടു രൂപയുടെ ഇളവാണ് നല്‍കിയത്. ഇന്നലെ ഇന്ധനവിലയ്‌ക്കെതിരെ രാജ്യമാകെ പ്രക്ഷോഭം ഉയര്‍ന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി പെട്രോളിയം വകുപ്പ് മന്ത്രി ആശയവിനിമയം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് അനൗദ്യോഗിക ചര്‍ച്ച നടത്തിയതെന്നാണ് സൂചനകള്‍. ആ ചര്‍ച്ചയില്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കമ്പനികളോട് അനൗദ്യോഗികമായി പങ്കുവെച്ച കേന്ദ്രസര്‍ക്കാര്‍, ജനകീയ പ്രക്ഷോഭങ്ങളെ പരിഗണിക്കാതെ മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത് എന്ന സൂചനയാണ് പങ്കുവെക്കുന്നത്.

11-Sep-2018