ദേശീയ വനിതാ കമ്മീഷനോട് കയര്‍ത്തും വെല്ലുവിളിച്ചും പി സി ജോര്‍ജ്ജ്

പൂഞ്ഞാര്‍ : ദേശീയ വനിതാ കമ്മീഷനോട് കയര്‍ത്തും വെല്ലുവിളിച്ചും പി സി ജോര്‍ജ്ജ് എം എല്‍ എ. ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ നേരിട്ടു ഹാജരാകാന്‍ വനിത കമ്മിഷന്‍ നിര്‍ദേശിച്ചപ്പോഴാണ് യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്ന് പി സി ജോര്‍ജ് എം എല്‍ എ തറുതല പറഞ്ഞത്. ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.

ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? ജോര്‍ജ് വെല്ലുവിളിച്ചു.

അതേസമയം, വനിതാ കമ്മിഷന്‍ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്. സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മിഷനില്ല. നിര്‍ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാര്‍ട്ടി ഭാരവാഹിയുമായതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മിഷനു കടക്കാം. കന്യാസ്ത്രീകളെ അപമാനിച്ച പി സി ജോര്‍ജ് എം എല്‍ എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. 20നു കമ്മിഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മിഷന്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തു. ജലന്തര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കേരള പൊലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

എന്നാല്‍, പി സി ജോര്‍ജ്ജിന്റെ കാര്യത്തില്‍ അധികം കടുപ്പിക്കേണ്ടെന്ന നിലപാടാണ് ബി ജെ പി നേതൃത്വത്തിനുള്ളത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയോട് ഈ കാര്യം ബി ജെ പി നേതൃത്വം പങ്കുവെച്ചുകഴിഞ്ഞു. പി സി ജോര്‍ജ്ജുമായി അനൗദ്യോഗിക ചര്‍ച്ച നടത്താനായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബി ജെ പി കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തി. പി സി ജോര്‍ജ്ജിനെ ബി ജെ പിയുമായി അടുപ്പിക്കാന്‍ ഈ സമയം വിനിയോഗിക്കണമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ നിര്‍ദേശം

അതേസമയം പി സി ജോര്‍ജിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വായ് മൂടല്‍ പ്രചാരണവുമായാണ് സോഷ്യല്‍മീഡിയ മുന്നോട്ടുപോവുന്നത്. പശയുള്ള ടേപ്പുകള്‍ പി സി ജോര്‍ജിന്റെ പേരില്‍ അയച്ചു കൊടുത്താണു പ്രതിഷേധം. വായില്‍ വരുന്നതു സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ടേപ്പു വാങ്ങി വായിലൊട്ടിക്കണമെന്ന തരത്തില്‍ കത്തുകളും സന്ദേശങ്ങളും ചേര്‍ത്താണു ടേപ്പ് അയയ്ക്കുന്നത്.

11-Sep-2018