ഷേക്ക് ഹസീന; ലോകത്ത് ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിതാ രാഷ്ട്ര മേധാവി

അഴിമതിക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ശേഷം രാജ്യഭരണത്തിന്റെ തലപ്പത്തെത്തിയ നേതാവ്, ലോകത്ത് ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിതാ രാഷ്ട്ര മേധാവി, ഏറ്റവും കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തി.. 19 വധശ്രമങ്ങൾ അതിജീവിച്ച ‘മനുഷ്യത്വത്തിന്റെ മാതാവ്’ എന്ന് അണികൾ വിശേഷിപ്പിക്കുന്ന ഷെയ്ഖ് ഹസീന ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല സ്വന്തം രാജ്യം ഉപേക്ഷിച്ച് ഇത്തരത്തിലൊരു പലായനം.

ബംഗ്ലാദേശിലെ ഏകാധിപത്യ പട്ടാള ഭരണത്തിനെതിരെ ജീവൻ പണയംവച്ച് പോരാടി ജനാധിപത്യം സ്ഥാപിച്ചെടുത്തുകൊണ്ടായിരുന്നു ഷെയ്ഖ് ഹസീനയുടെ തുടക്കം. അസ്ഥിരമായി നിന്നിരുന്ന ഒരു രാജ്യത്തെ സാമ്പത്തിക ഭദ്രതയുള്ള സുസ്ഥിരമായൊരു ജിഡിപിയും സാമൂഹിക സൂചികകളിൽ പുരോഗതിയുമുള്ള ഒരു രാജ്യമായി ഉയർത്തിയെടുത്തത്തിൽ ഹസീന വഹിച്ച പങ്ക് വളരെ വലുതാണ്.

‘ഏഷ്യയിലെ ഉരുക്കുവനിത’ എന്ന വിശേഷണം ലഭിച്ച ഷെയ്ഖ് ഹസീന എങ്ങനെയാണ് ഇത്തരമൊരു വലിയ തിരിച്ചടി നേരിട്ടത്, എവിടെയാണ് അവർക്ക് പിഴച്ചത് എന്നൊക്കെ അറിയണമെങ്കിൽ ഹസീനാ യുഗത്തിന്റെ ചരിത്രമറിയേണ്ടതായിട്ടുണ്ട്. ബംഗ്ലദേശിന്റെ ആദ്യ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ മകളായി 1947 സെപ്റ്റംബർ 28 ന് കിഴക്കൻ ബംഗാളിലാണ് ഷെയ്ഖ് ഹസീന ജനിച്ചത്. കോളേജ് വിദ്യാഭ്യസത്തിന് ശേഷം ആണവ ശാസ്ത്രജ്ഞൻ എംഎ വാസെദ് മിയയെ 1967 ൽ വിവാഹം ചെയ്ത ഹസീന പിന്നീട് ധാക്ക സർവകലാശാലയിൽ നിന്ന് ബിരുദവും നേടി.

1975 ഓഗസ്റ്റ് 15ന് ബംഗ്ലാദേശിൽ നടന്ന സൈനിക അട്ടിമറിയാണ് ഷെയ്ഖ് ഹസീനയെ ഒരു കരുത്തുറ്റ വനിതയായി മാറ്റിയെടുത്തത്. അന്ന് ആ അട്ടിമറിയിൽ പിതാവ് മുജീബുർ റഹ്‌മാനെയും മാതാവിനെയും മൂന്ന് സഹോദരങ്ങളെയും ഹസീനയ്ക്ക് നഷ്ട്ടപ്പെട്ടു. ജർമനിയിലായിരുന്ന ഹസീനയും ഭർത്താവും മക്കളും സഹോദരി ഷെയ്‌ഖ് രഹനയും മാത്രമാണ് ആ കുടുംബത്തിൽ അന്ന് രക്ഷപ്പെട്ടത്.

ജീവന് ഭീഷണി ഉണ്ടായിരുന്നതിനാൽ ഇന്ദിര ഗാന്ധി അവർക്ക് ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകി. ആ സമയം ബംഗ്ലാദേശിൽ പട്ടാള വിപ്ലവങ്ങൾ നടക്കുകയായിരുന്നു. അധികാരത്തിലുണ്ടായിരുന്ന പട്ടാള തലവൻ സിയാവുർ റഹ്‌മാൻ 1981 ൽ കൊല്ലപ്പെട്ടതെയോടെ ആ വർഷം അവർ തിരികെ ബംഗ്ലാദേശിലേക്ക് എത്തി. ആ വർഷം തന്നെ ഹസീന അവാമി ലീഗിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള അവരുടെ ജീവിതം തന്റെ പിതാവ് വിഭാവനം ചെയ്ത ബംഗ്ലാദേശ് യാഥാർഥ്യമാക്കാനായിരുന്നു.

പിന്നീട് പലതവണ മാറിവന്ന ഭരണകൂടങ്ങൾ ഹസീനയെ തടവിലാക്കിയിരുന്നു. 1984 ലും 1985 ലും ഏതാനും മാസം വീതം സൈനിക നിയമപ്രകാരം വീട്ടുതടങ്കലിലായിരുന്നു അവർ. 1986 ലെ തിരഞ്ഞെടുപ്പിൽ അവർ വിജയിക്കുകയും പാർലമെൻ്റിൽ പ്രതിപക്ഷ നേതാവാവുകയും ചെയ്തു. 1991 ലെ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ മൽസരിച്ച അവർ ഒരിടത്തു മാത്രമാണ് വിജയിച്ചത് എന്നാൽ ആ തിരഞ്ഞെടുപ്പോടെ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി അവാമി ലീഗ് വളർന്നു.

1996 ൽ നടന്ന തിരഞ്ഞടുപ്പിൽ അവാമി ലീഗിനു ഭൂരിപക്ഷം ലഭിക്കുകയും ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുകയും ചെയ്തു. എന്നാൽ 2001 ലെ തിരഞ്ഞെടുപ്പിൽ ഹസീനയെയും പാർട്ടിയെയും കാത്തിരുന്നത് പരാജയമായിരുന്നു. 2007 ൽ സൈനിക ഭരണകൂടം അഴിമതിക്കുറ്റം ചുമത്തി ഹസീനയെ ജയിലിലടച്ചു. പിന്നാലെ 2008 ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കുകയും പ്രധാനമന്ത്രി പദത്തിൽ തിരികെത്തുകയും ചെയ്തു.

പിന്നീട് ഹസീനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2014 ലും 2019 ലും പ്രധാനമന്ത്രിയായി തുടർന്ന ഹസീന 17 കോടി ജനങ്ങളുള്ള ബംഗ്ലദേശിനെ അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയാക്കി മാറ്റി.
ഈ വർഷം ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ അഞ്ചാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോൾ ഹസീന, ലോകം കണ്ട കരുത്തുറ്റ വനിതാ നേതാക്കളായ മാർഗരറ്റ് താച്ചർ, ഇന്ദിര ഗാന്ധി എന്നിവരെയൊക്കെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വനിതാ രാഷ്ട്ര മേധാവിയെന്ന റെക്കോർഡും സ്വന്തമാക്കി.

എന്നാൽ ഈ വർഷത്തെ തിരഞ്ഞെടുപ്പിലെ ഹസീനയുടെ വിജയം പ്രതിപക്ഷ പാർട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിലൂടെയായിരുന്നു. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെ ഭീകരവാദ സംഘടന എന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പിൽ നിന്ന് അകറ്റി നിർത്തിയത്. ബംഗ്ലാദേശിലെ മനുഷ്യാവകാശ ലംഘനങ്ങളും പ്രതിപക്ഷത്തെ അടിച്ചമർത്തിയുള്ള അതോറിറ്റേറിയൻ സ്‌റ്റേറ്റ് നടപടികളും പലകുറി ഷെയ്ഖ് ഹസീനയെ ചോദ്യചിഹ്നത്തിൽ നിർത്തിയിട്ടുണ്ട്.

നോബൽ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസ്, എഴുത്തുകാരി തസ്‌ലീമ നസ്രിൻ തുടങ്ങി രാജ്യത്ത് വിയോജിപ്പിന്റെ ചെറിയ ശബ്ദങ്ങൾ ഉയർത്തുന്നവരെയെല്ലാം നിരന്തരം വേട്ടയാടിക്കൊണ്ടാണ് അവർ മുന്നോട്ട് പോയത്. പ്രതിപക്ഷത്തെ അടിച്ചമർത്തിയാണ് ഷെയ്ഖ് ഹസീനയും കൂട്ടരും അധികാരത്തിൽ വന്നതെന്നും വെറും 40 ശതമാനം മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനമെന്നതും ജനാധിപത്യം ബംഗ്ലാദേശിൽ കശാപ്പ് ചെയ്യപ്പെടുകയാണെന്നും വിമർശനം ഉണ്ടായിരുന്നു.

രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന എന്ന നിലയിൽ ചർച്ചകളും ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജന ശബ്ദങ്ങളെ ജയിലടയ്ക്കുന്ന സ്വേച്ഛാധിപതി എന്ന വിമർശനവും ഹസീന നേരിട്ട് തുടങ്ങിയിരുന്നു. സുസ്ഥിരമായൊരു ജിഡിപിയും സാമൂഹിക സൂചികകളിൽ പുരോഗതിയുണ്ടെങ്കിലും ബംഗ്ലാദേശിന്റെ സാമ്പത്തികം പിടിച്ചു നിൽക്കുന്നത് ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു കൂട്ടം വായ്പകളുടെ പുറത്താണെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.

തുടർച്ചയായി ഒരേ പാർട്ടി തന്നെ ഭരിക്കുന്നത് സ്ഥാപനവത്കൃത അഴിമതിയിലേക്കാണ് വഴി വച്ചിരിക്കുന്നത്. ഒപ്പം പാർലമെന്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ചത് 2018 ജനുവരിയിൽ നടന്ന പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമാണ്. 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ നേരത്തെ നൽകിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് സുപ്രീംകോടതി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നതാണ് പ്രക്ഷോഭങ്ങളുടെ തുടക്കം.

1971 ൽ ബംഗ്ലദേശിനെ പാക്കിസ്ഥാനിൽ നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പെടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയിരുന്നത്. 2018ൽ ഈ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ ശക്തമായ സമരം നടക്കുകയും സർക്കാർ പ്രക്ഷോഭകർക്കു മുന്നിൽ വഴങ്ങുകയും ചെയ്തതായിരുന്നു. അന്ന് സർക്കാർ പിൻവലിച്ച സംവരണം ജൂൺ മാസം സുപ്രീംകോടതി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയായിരുന്നു. അതിനെ തുടർന്നാണ് ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തെരുവിലേക്കിറങ്ങിയത്.

നിലവിൽ സർക്കാർ ജോലിയിൽ 56 ശതമാനത്തോളം വിവിധ സംവരണങ്ങൾ ഉണ്ട്. തൊഴില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണ പോസ്റ്റുകൾ ഒഴിഞ്ഞ് കിടുക്കുമ്പോഴും സംവരണമില്ലാത്ത ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്. ജൂലൈ 1ന് ധാക്ക സർവകലാശാലയിലും മറ്റ് സർവകലാശാലകളിലുമുള്ള വിദ്യാർഥികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഇതായിരുന്നു പ്രക്ഷോഭത്തിന്റെ തുടക്കം. പിന്നീടുള്ള ദിവസങ്ങൾ കലാപഭരതിമായിരുന്നു ബംഗ്ലാദേശിലെ തെരുവുകൾ.

ഇതിനിടെ ‘സ്വാതന്ത്ര്യസമര സേനാനികളുടെ ചെറുമക്കൾക്കല്ലാതെ രാജ്യദ്രോഹികൾ ചെറുമക്കൾക്കാണോ ജോലി ലഭിക്കേണ്ടത്?’ എന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവന വൻ വിവാദമായി. ഇതോടെ ഭരണകക്ഷിയിൽപ്പെട്ട പാർട്ടികളും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമായി.

ജൂലൈ 20 ന് കലാപത്തിൽ മരിച്ചവരുടെ എണ്ണം 148 ആയി. ജൂലൈ 25 ന് ആകെ മരണം 204 ആയി. രാജ്യമൊട്ടാകെ കർഫ്യുവും ഇന്റർനെറ്റ് നിരോധനവും നിലവിൽ വന്നു. ജൂലൈ 26 ന് പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടികൾ. 555 കേസുകൾ റജിസ്റ്റർ ചെയ്തു. 6,264 പേരെ അറസ്റ്റ് ചെയ്തു.
സമരത്തെത്തുടർന്ന് നേരത്തെ മിക്കസർക്കാർ ജോലികളിൽ നിന്നും ക്വാട്ട പിൻവലിച്ചു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ നീക്കം താൽക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും ഇന്നലെ വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു.

പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിസഹകരണ പരിപാടിയിലാണ് വീണ്ടും സംഘർഷം ആരംഭിച്ചത്. ഓഗസ്റ്റ് നാലിന് മാത്രം കലാപത്തിൽ 96 പേർ കൊല്ലപ്പെട്ടു. ഇത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി. ഇന്നലെ 45 മിനിറ്റിനുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരിയോടൊപ്പം ഒരു ചെറു വിമാനത്തിൽ കയറി 76 കാരിയായ ഹസീന ഇന്ത്യയിലെത്തി അഭയം പ്രാപിച്ചത്.

07-Aug-2024