ഭാരത് ബന്ദ് ദിവസത്തില്‍ മകന്റെ കല്യാണ നിശ്ചയം, രമേശ്‌ ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ ശാസന.

എറണാകുളം : ഭാരത് ബന്ദ് ദിവസം മകന്റെ കല്യാണ നിശ്ചയം ആര്‍ഭാടമായി നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് ശാസിച്ചു. കുറച്ചുകൂടി ഗൗരവത്തോടെ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്ന് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉപദേശം.

കെ സി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുടെ മകന്റെ കല്യാണ നിശ്ചയ ചടങ്ങില്‍ നിന്നും വിട്ടുനിന്നതും കോണ്‍ഗ്രസ് അധ്യക്ഷന്റെ ശാസനയും കൂട്ടിവായിക്കാമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.

കൊച്ചിയിലായിരുന്നു ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയം നടന്നത്. ഭാരത് ബന്ദ് ദിവസം രാവിലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ കാളവണ്ടിയില്‍ യാത്ര ചെയ്തശേഷം സ്‌കൂട്ടറിലാണ് രമേശ് ചെന്നിത്തല വിവാഹ നിശ്ചയ വേദിയിലെത്തിയത്.

രമേശ് ചെന്നിത്തലയുടെയും അനിതയുടെയും മകന്‍ ഡോ. രോഹിത്തിന്റെയും വൈറ്റില സ്വദേശിയായ വ്യവസായി ഭാസി കെ. നായരുടെ മകള്‍ ശ്രീജയുടെയും വിവാഹ നിശ്ചയമാണ് കൊച്ചിയില്‍ നടന്നത്. രോഹിത്ത് അമൃത ആസ്പത്രിയിലെ റേഡിയോളജിസ്റ്റും ശ്രീജ അമേരിക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമാണ്. വിവാഹ നിശ്ചയം മുന്‍പേ തീരുമാനിച്ചതാണെന്നും നല്ല മുഹൂര്‍ത്തം വേറെ ലഭിക്കാതിരുന്നതിനാലാണ് മാറ്റിവയ്ക്കാതിരുന്നതെന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം. അടുത്ത വര്‍ഷം ഫെബ്രുവരി 17നാണ് വിവാഹം. അതിനിടയില്‍ എത്രമുഹൂര്‍ത്തങ്ങള്‍ വേണമെങ്കിലും ചെന്നിത്തലയ്ക്ക് ഉണ്ടാക്കാമെന്നാണ് എതിര്‍ഗ്രൂപ്പുകാര്‍ പറയുന്നത്.

പ്രൊഫ. കെ.വി. തോമസ് എം.പി., എം.എല്‍.എ.മാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, നേതാക്കളായ ബെന്നി ബഹനാന്‍, എന്‍. വേണുഗോപാല്‍, ജോസഫ് വാഴയ്ക്കന്‍, ടി.ജെ. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്ത നിശ്ചയ ചടങ്ങില്‍ കെ കരുണാകരന്റെ കുടുംബത്തില്‍ നിന്നും ആരും പങ്കെടുത്തില്ല.

11-Sep-2018