ആലപ്പുഴ: ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അസംബ്ലിയിൽ രാവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികളും തങ്ങളുടേതായ പങ്ക് വഹിക്കണം എന്ന മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചപ്പോൾത്തന്നെ അഥീന ഒന്നുറപ്പിച്ചു. തന്റെ ഒരു വർഷമായി കുടുക്കയിൽ സൂക്ഷിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. അത് പൊട്ടിച്ചപ്പോൾ 1520 രൂപ. മറ്റൊന്നും ആലോചിക്കാതെ അത് കൈമാറാനായി ടീച്ചറിനടുത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ പണമായി അത് സ്വീകരിക്കാമെന്ന് ടീച്ചർ ഉറപ്പുകൊടുത്തു. സ്‌കൂളിൽ സംഘടിപ്പിച്ച ആർഭാടങ്ങളില്ലാത്ത ചടങ്ങിൽ സ്‌കൂളും അധ്യാപകരും കൂട്ടുകാരും സാക്ഷിയായി അവൾ സന്തോഷപൂർവം അത് കൈമാറി. അങ്ങനെ കൊച്ച് അഥീനയുടെ ഒരു വർഷത്തെ മുഴുവൻ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിച്ചുകൊണ്ട് സ്‌കൂളിന്റെ ധനസമാഹരണ പരിപാടിക്ക് തുടക്കമായി. ഇ.എം.പ്രസേനകുമാർ, ജിജി ദമ്പതിമാരുടെ മകളായ ഒമ്പതാംക്ലാസുകാരി അഥീന വീട്ടുകാരോട് പോലും ചോദിക്കാതെയാണ് തന്റെ തീരുമാനം എടുത്തത്. ‘എന്റെ പ്രായത്തിലുള്ള ഒട്ടേറെപ്പേർ ദുരിതത്തിലാണ്. അവരെ എന്നാലാവുന്നവിധം സഹായിക്കാനാണ് ഇത്’ അഥീന ഇതുപറഞ്ഞപ്പോൾ സദസ്സിൽ നിന്ന് നിറഞ്ഞ കൈയ്യടി. ഒരുകുട്ടിയുടെ സമ്പാദ്യം എന്നാൽ അവളുടെ സ്വപ്‌നങ്ങൾ ചേർത്ത് വച്ചതാണിത്. അത് മുഴുവൻ സ്വമനസ്സാലെ നൽകിയത് യഥാർഥത്തിൽ നിധിയായി ഞങ്ങൾ കണക്കാക്കുന്നതായി പണം സ്വീകരിച്ചുകൊണ്ട് ഡി.ഇ.ഓ കെ.എസ്.ബീനാറാണി പറഞ്ഞു. സ്‌കൂളിന്റെ എൻ.സി.സി.ഓഫീസർ എസ്.ഷോലയുടെ നേതൃത്വത്തിൽ സമാഹരിച്ച 10,000 രൂപയും ടീച്ചർ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ സ്‌കൂൾ സുപ്രണ്ട് ടി.ആർ.രജി, സ്റ്റാഫ് സെക്രട്ടറി സ്റ്റാലിൻ, സ്‌കൂൾ ലീഡർ ആർ.ശ്രീരഞ്ജിനി, ജെ.കവിരാജ്, സി.സുപ്രിയ തുടങ്ങിയവരും സന്നിഹിതരായി. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം ഇന്നലെ ജില്ലയിലെ സ്‌കൂളുകളിലെ ധനശേഖരണ പരിപാടികൾക്ക് തുടക്കമായി. എല്ലാ സ്‌കൂൾ അസംബ്ലിയിലും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന വായിച്ചു. ബുധനാഴ്ച കൂടി ഇത്തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ധനശേഖരണം നടക്കും.