ബിഷപ്പിനെതിരായ പീഡന പരാതി, ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രം അറസ്റ്റ്

എറണാകുളം : ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള പ്രതിഷേധം ശക്തമാവുമ്പോൾ നിർണായക നീക്കവുമായി കേരളം പോലീസ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിനെ ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് വിളിച്ച്‌ വരുത്തും. അന്വേഷണ സംഘം മുന്‍പാകെ ഹാജരാകാനായി ബിഷപ്പിന് ഇന്ന്‌ തന്നെ നോട്ടീസ് അയയ്ക്കും.

കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌ത ശേഷം മാത്രമേ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളൂ. എത്രയും പെട്ടെന്ന് ഹാജരാകാൻ നോട്ടീസില്‍ ആവശ്യപ്പെടും. നിലവിൽ അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. 

അതേസമയം അന്വേഷണ പുരോഗതി വിലയിരുത്താനും തുടർനടപടികൾക്കുമായി കൊച്ചി റെയ്ഞ്ച് ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് യോഗം ചേരും. ജില്ലാ പൊലീസ്‌ മേധാവി ഹരിശങ്കർ, കേസ്‌ അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ്‌ എന്നിവർ യോഗത്തില്‍ പങ്കാളികളാവും.

ബിഷപ്പിന്റെ അറസ്റ്റ‌് ആവശ്യപ്പെട്ട് കൊച്ചിയിൽ ചില സംഘടനകളുടെ നേതൃത്വത്തിൽ കന്യാസ്‌ത്രീകൾ അടക്കം നടത്തുന്ന സമരം അഞ്ചാംദിവസവും  തുടരുകയാണ്. അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധറിൽ മാധ്യമപ്രവർത്തകരോട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. അതേസമയം, പരാതിയിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ച് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 20 പേർക്കും പരാതിക്കാരി കത്തയച്ചു. 2014‐2016 കാലഘട്ടത്തിൽ 13 തവണ ബിഷപ്പ്‌ പീഡിപ്പിച്ചുവെന്നാണ്‌ പരാതി. 

ശക്തമായ തെളിവുകളോടെ മാത്രമെ അറസ്റ്റ‌് പോലുള്ള നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങാൻ സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം, കോടതിയിൽ തിരിച്ചടി നേരിട്ടേക്കാം. പരാതിക്കാരിയുടെ മൊബൈൽഫോൺ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകളുടെ അഭാവത്തിൽ സാക്ഷിമൊഴികൾ മാത്രമാണുള്ളത്. ഈ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ച് പൊരുത്തക്കേടുകളില്ലാതെ കോടതിയിൽ എത്തിക്കാനും ബിഷപ്പിനെതിരായ നടപടിക്കുമായിരിക്കും അന്വേഷണസംഘം ശ്രമിക്കുക.   

 

12-Sep-2018