അരുണ്‍ ജെയ്റ്റ്‌ലി രാജിവെച്ച് അന്വേഷണത്തെ നേരിടണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സംബന്ധിച്ച് വിജയ് മല്യ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുംമുമ്പ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമുള്ളതാണ്. മല്യ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണം. മന്ത്രി പദം ഒഴിഞ്ഞുകൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

വിജയ് മല്യയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് അരുണ്‍ ജെയ്റ്റ്‌ലിയും മല്യയും ചര്‍ച്ച നടത്തിയത് തനിക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. .

ലണ്ടനില്‍ വെച്ച് മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ജെയ്റ്റ്‌ലിയെ കണ്ട കാര്യം മല്യ വെളിപ്പെടുത്തിയത്.

13-Sep-2018