ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
അഡ്മിൻ
ന്യൂഡല്‍ഹി : ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയുടെ നിയമനം. ഒക്ടോബര്‍ 3ന് ഗോഗോയി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. 2019 നവംബര്‍ 17ന് വിരമിക്കുന്നത് വരെ ഗോഗോയിക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാം. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഈ മാസം ഒന്നിന് ഗോഗോയിയുടെ പേര് നിര്‍ദ്ദേശിച്ചത്.
ചീഫ് ജസ്റ്റിസ് പദവിയിലേക്ക് പുതിയ നിയമനത്തിനുള്ള വ്യക്തിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ദീപക് മിശ്രയോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കീഴ്വഴക്കങ്ങള് പ്രകാരം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് പുതിയ ചീഫ് ജസ്റ്റിസാകുന്നത്. നിലവില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ഗോഗോയി.
അസം സ്വദേശിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയിലാണ് അദ്ദേഹം ആദ്യമായി ജഡ്ജിയാകുന്നത്. 2011ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2012ല്‍ സുപ്രീം കോടതി ജഡ്ജ് ആയി നിയമിതനായി. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കേസില്‍ വാദം കേട്ടത് ജസ്റ്റിസ് ഗോഗോയിയുടെ ബെഞ്ചാണ്.
ജസ്റ്റിസ് ദീപക് മിശ്രയുടെ ഏകപഷീയ നിലപാടുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു വാര്‍ത്താ സമ്മേളനം വിളിച്ച ജഡ്ജിമാരില്‍ ജസ്റ്റിസ് ഗോഗോയിയും ഉള്‍പ്പെട്ടിരുന്നു.