കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം : മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഒക്‌ടോബര്‍ രണ്ടിന് അര്‍ധരാത്രി മുതല്‍ അനശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി.

സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതിയാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ ആറ് മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ സത്യഗ്രഹം തുടരുകയാണ്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. വ്യാഴാഴ്ച സിഎംഡിയുമായി യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ അനശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം നിലവിലുള്ള യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്ന് യൂണിയന്‍ നേതാക്കള്‍ സിഎംഡിയോട് ആവശ്യപ്പെട്ടു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് ക്യാന്‍സലേഷന്‍ അവസാനിപ്പിക്കുക, അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക, ആഗസ്ത് ഏഴിലെ പണിമുടക്കിന് ആധാരമായ ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

 

13-Sep-2018