ബിജെപിയുമായി രഹസ്യ ബന്ധത്തിൻറെ ആവശ്യം ഡിഎംകെയ്ക്കില്ല: എം കെ സ്റ്റാലിൻ
അഡ്മിൻ
ഡിഎംകെ-ബിജെപി രഹസ്യ ബന്ധമെന്ന ആരോപണം ഉന്നയിച്ച അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുമായി രഹസ്യ ബന്ധത്തിൻറെ ആവശ്യം ഡിഎംകെയ്ക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. പതുങ്ങിപ്പോയി ബന്ധം സ്ഥാപിക്കുന്നത് എടപ്പാടിയുടെ സ്വഭാവമാണെന്നും ഡിഎംകെയുടെ ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സ്റ്റാലിൻ വിശദീകരിച്ചു.
കരുണാനിധിയുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കിയ ചടങ്ങ് സർക്കാർ പരിപാടിയാണ്. ഇതു മനസിലാക്കണമെങ്കിൽ തലയിൽ മൂള വേണമെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു. ജയലളിതയുടെ ചിത്രം പോക്കറ്റിലിട്ട് നടന്നിട്ട് കാര്യമില്ല. ജയലളിത അനുശോചന യോഗം നടത്താൻ എടപ്പാടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഡിഎംകെയെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും സ്റ്റാലിൻ ചോദിച്ചു.
കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കിയ ചടങ്ങിനെ ചൊല്ലിയാണ് വിവാദം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചടങ്ങിൽ പങ്കെടുത്തു. കരുണാനിധി സ്മാരകത്തിലേക്ക് രാഹുൽ ഗാന്ധിയെ എന്തുകൊണ്ടു ക്ഷണിച്ചില്ല എന്നാണ് അണ്ണാ ഡിഎംകെ ചോദിച്ചത്. ചടങ്ങ് അണ്ണാഡിഎംകെ ബഹിഷ്‌കരിക്കുകയും ചെയ്തു.
ഗവർണർ ആർ എൻ രവിയുടെ വിരുന്നിൽ മുഖ്യമന്ത്രി സ്റ്റാലിനും 8 മന്ത്രിമാരും പങ്കെടുത്തത് ദുരൂഹമാണെന്ന് അണ്ണാ ഡിഎംകെ വക്താവ് ഡി ജയകുമാർ ആരോപിച്ചു. ജന്മശതാബ്ദി വർഷത്തിൽ കരുണാനിധിക്ക് ആദരവുമായി 100 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നാണയം പുറത്തിറക്കിയത്.