കേരള സര്‍വകലാശാലയുടെ യശസ് നശിപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ ഇടപെടുന്നു ;എസ്.എഫ്.ഐ

വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാലയുടെ യശസ് നശിപ്പിക്കാന്‍ ഇടപെടുന്നുവെന്ന് എസ്.എഫ്.ഐ. രാജ്യത്തെ ഏറ്റവും മികച്ച പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് കേരള സര്‍വകലാശാല. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും, അധ്യാപകരും, ജീവനക്കാരും, സെനറ്റ് – സിന്‍ഡിക്കേറ്റ് മെമ്പര്‍മാരും ഒരുമിച്ച് ഒരേ മനസോടെ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് നാക് അക്ക്രഡിറ്റേഷനില്‍ ഉയര്‍ന്ന പോയിന്റ് കേരള സര്‍വകലാശാലക്ക് ലഭിച്ചത്. ഈ നേട്ടത്തെയെല്ലാം തകര്‍ക്കുന്ന സമീപനമാണ് വൈസ് ചാന്‍സലര്‍ കസേരയിലിരിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വീകരിക്കുന്നത്.

വിദ്യാര്‍ഥികളുടെ വിവിധ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വൈസ് ചാന്‍സലര്‍ക്ക് ഒപ്പിടാന്‍ സൗകര്യപ്പെടാത്തത് കൊണ്ട് മാത്രം സതംഭിച്ചിരിക്കുകയാണ്. സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ പലത് പിന്നിട്ടിട്ടും സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ക്കാതെ ഏകാധിപത്യ സ്വഭാവമാണ് വൈസ് ചാന്‍സലര്‍ കാണിക്കുന്നത്. സിന്‍ഡിക്കേറ്റ് യോഗം ചേരാത്തതിനാല്‍ പി.എച്ച്.ഡി അവാര്‍ഡ് ചെയ്യല്‍ അടക്കമുള്ള മുഴുവന്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളും സര്‍വകലാശാലയില്‍ തടസപ്പെട്ടിരിക്കുകയാണ്.

ഇത്തരത്തിലുള്ള സമീപനം ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉടന്‍ തിരുത്തണമെന്നും, സിന്‍ഡിക്കേറ്റ് യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ അദ്ദേഹം നേരിടേണ്ടി വരുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

19-Aug-2024