പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തെടുത്ത് ഉപയോഗിക്കണമെന്ന് ബി ജെ പി നേതാവ്

ന്യൂഡല്‍ഹി : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേയും, ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളിലേയും സ്വത്തെടുത്ത് പ്രളയം ബാധിച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കണമെന്ന് ബി ജെ പി എം പി ഉദീത് രാജ്. കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ക്ഷേത്രങ്ങളിലെയും സ്വര്‍ണവും പണവും ഉപയോഗിക്കുവാനാണ് ബി ജെ പി എം പി നിര്‍ദ്ദേശിക്കുന്നത്. ബി ജെ പിയുടെ ദളിത് നേതാവാണ് ഉദീത് രാജ്. ട്വിറ്ററിലൂടെയാണ് ബി ജെ പി എം പി ഈ ആവശ്യം ഉന്നയിച്ചത്.

മൂന്നു ക്ഷേത്രങ്ങളിലുമായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ സ്വത്തുണ്ട്. 21,000 കോടിയുടെ നഷ്ടം നികത്താന്‍ ഇതിലൊരു ഭഗം ഉപയോഗിക്കാം. ജനങ്ങള്‍ ഈ ആവശ്യമുന്നയിക്കണം. ആളുകള്‍ മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുമ്പോള്‍ അത്തരം സമ്പത്തിന്റെ ഉപയോഗം മറ്റെന്താണെന്നാണ് അദ്ദേഹം ട്വിറ്റ് ചെയ്തത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയുടെ എം പിയാണ് ഉദീത് രാജ്. കേരളത്തിലെ പ്രളയ ദുരന്തത്തിന് കൈത്താങ്ങാവാനും സംസ്ഥാനത്തിന് അവകാശപ്പെട്ട സഹായങ്ങള്‍ നല്‍കാനും വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാത്ത കേന്ദ്രസര്‍ക്കാര# നടപടിയെ മലയാളികള്‍ വിമര്‍ശിക്കുമ്പോഴാണ് ബി ജെ പി എം പിയുടെ വിവാദ ട്വീറ്റ്.

ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് ബി ജെ പി എം പി ട്വീറ്റ് ചെയ്തിരിക്കുന്നത് എന്നാണ് സൂചനകള്‍. ബി ജെ പി ദേശീയാധ്യക്ഷനോ, കേരളത്തിലെ നേതൃത്വമോ ബി ജെ പി എം പി ഉദിത് രാജിന്റെ ട്വീറ്റിനെ തള്ളിപ്പറഞ്ഞിട്ടില്ല. കേരളത്തെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകി ഒഴിയുവാനുള്ള കുതന്ത്രങ്ങളുടെ ഭാഗമായാണ് ബി ജെ പി എം പിയുടെ പരാമര്‍ശമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.  

14-Sep-2018