ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് സുതാര്യം: മുഖ്യമന്ത്രി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ നിലപാട് സുതാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയാറായി മുന്നോട്ടു വന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ പുറത്ത് വിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നൽകിയിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. തങ്ങളുടെ കമ്മറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകൾ ആണ്.

ആയതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത് വിടാൻ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തിൽ ആവശ്യപ്പെട്ടിരുന്നു. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ പങ്കിടാൻ കഴിയാത്ത സാഹചര്യത്തിൽ വിവരാവകാശ നിയമ പ്രകാരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വന്ന അപേക്ഷകൾ സാസ്‌കാരിക വകുപ്പിന്റെ മുഖ്യവിവരാവകാശ ഓഫീസർ നിരസിച്ചു.

അതിനെതിരെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ 2020 ൽ തന്നെ വിവരാവകാശ കമ്മീഷനെ സമീപ്പിച്ചിരുന്നു. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്ത് വിടാൻ കഴിയില്ലെന്ന് 2020 ഒക്ടോബർ 22 ന് കമ്മീഷൻ ചെയർമാൻ വിൻസൺ എം പോൾ ഉത്തരവ് ഇട്ടു.

കമ്മിറ്റിയുടെ നിർദ്ദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നൽകിയിരുന്നില്ല. സാക്ഷി മൊഴികളും പരിശോധനാ വിധേയമാക്കിയതിന്റെ ഭാഗമായിട്ടാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാൽ വെളിപ്പെടുത്തേണ്ടവ ഏതെന്ന് വിഭജിച്ച് എടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നു നിരീക്ഷിക്കുക കൂടി ചെയ്തു കൊണ്ടാണ് റിപ്പോർട്ട് വെളിപ്പെടുത്താൻ നിർവ്വാഹമില്ലെന്ന് വിവരാവ കാശ കമ്മീഷൻ വ്യക്തമാക്കിയത്.

2020 ൽ പുറപ്പെടുവിച്ച ആ ഉത്തരവിനെ ഓവർ റൂൾ ചെയ്താണ് വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ 2024 ജൂലൈ 7 ന് സർക്കാരിന് നിർദേശം നൽകിയത്.

വിവരാവകാശ നിയമപ്രകാരം സ്വകാര്യതാ ലംഘനം ഉളള ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പരസ്യപ്പെടുത്താനായിരുന്നു കമ്മീഷൻ നിർദേശം. അവ ഏതെല്ലാം എന്ന് പരിശോധിച്ച് റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്ന ഘട്ടത്തിലാണ് തടസ്സഹർജിയുമായി ഒരു നിർമ്മാതാവ് ഹൈക്കോടതിയെ സമീപിക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ ഹൈക്കോടതി ആദ്യം സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് ആ സ്റ്റേ വെക്കേറ്റ് ചെയ്യപ്പെട്ടു. ഇതോടെ വീണ്ടും റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് മറ്റൊരു തടസ്സഹർജിയുമായി നടി ഹൈക്കോടതിയെ സമീപിച്ചത്. അതിൻമേലുളള നിയമതടസ്സങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അതിന് പിന്നാലെ റിപ്പോർട്ട് പുറത്ത് വന്നു. റിപ്പോർട്ട് പുറത്ത് വരുന്നത് ഒരു തരത്തിലും സർക്കാരിന് എതിർപ്പ് ഉളള കാര്യമല്ല.

കംപ്യൂട്ടർ പരിജ്ഞാനമുള്ള ഒരു സ്റ്റെനോഗ്രാഫറുടെ സഹായം പോലും ഇല്ലാതെയാണ് ഹേമ കമ്മിറ്റി ഈ റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. സാക്ഷികൾ കമ്മറ്റിക്ക് മുമ്പാകെ പറഞ്ഞ പല കാര്യങ്ങളും അതീവ രഹസ്യസ്വഭാവമുള്ളവയാണ്. ആ വിശദാംശങ്ങൾ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികൾ തങ്ങളിൽ അർപ്പിച്ച വിശ്വാസംകൊണ്ടാണെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് പ്രൊഫഷണൽ ടൈപ്പിംഗ് അറിയാഞ്ഞിട്ടും കമ്മിറ്റി അംഗങ്ങൾ സ്വന്തമായി തന്നെ ടൈപ്പ് ചെയ്തത് എന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വ്യക്തികൾ കമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങൾ ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിന്റെ അനിവാര്യത റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നർത്ഥം.

സിനിമയിൽ നിന്നുള്ള നിരവധി വ്യക്തികൾ കമ്മിറ്റിക്ക് മുമ്പാകെ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ സെൻസിറ്റീവ് സ്വഭാവവും അവ പരസ്യമായാൽ അവർ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികൾക്ക് പരിപൂർണമായും രഹസ്യാത്മകത ഉറപ്പുവരുത്താൻ കമ്മിറ്റി ശ്രമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതൊക്കെ വസ്തുതയായിരിക്കെ, സർക്കാർ പൂഴ്ത്തിവെച്ചു എന്ന ആരോപണത്തിൽ അർഥമില്ല. സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും തുടർന്നും ചെയ്യും. ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമ വിരുദ്ധ - സ്ത്രീ വിരുദ്ധ പ്രവണതകളെയും ശക്തമായി തന്നെ നേരിടുമെന്നും അതിനുള്ള നിശ്ചയ ദാർഢ്യം തെളിയിച്ച സർക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് റിപ്പോർട്ട് വാങ്ങിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല എന്നത് വസ്തുതകളെ വളച്ചൊടിച്ച നടത്തുന്ന മറ്റൊരു പ്രചാരണമാണ്. വനിതാ കമ്മീഷന്റെ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സാംസ്‌കാരിക വകുപ്പിനോട് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടത്. എന്നാൽ രഹസ്യമായി സൂക്ഷിക്കണം എന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരു രേഖയാണ് പൊലീസിന് ലഭിച്ചത്. ഇതിലെ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ഹേമ കമ്മിറ്റി വെച്ചിട്ടില്ല.

അതിനപ്പുറം, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യവും ഉണ്ട്. എന്നാൽ, നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ ചലച്ചിത്ര രംഗത്തു ഉയർന്ന ഒരു വിഷയവും നിയമ നടപടി ഇല്ലാതെ പോയിട്ടില്ല. വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കേരളാ പോലീസ് എടുത്ത നിലപാട് പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പീഡന പരാതികളിൽ നടിമാർ നൽകുന്ന പരാതികളിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസ് ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് ഒരു സംവിധായകൻ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ കഴിഞ്ഞ വർഷം പരാതി നൽകി. ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമയിൽ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനംചെയ്ത് പീഡനം നടത്തിയ പ്രമുഖ നടനെതിരെ കേസെടുത്തു. നടിയോട് ലൈംഗിക താൽപ്പര്യത്തോടെ സമ്മർദ്ദം ചെലുത്തിയ മറ്റൊരു നടനെതിരെയും കേസെടുത്തു.

പോക്സോ കേസിൽ മറ്റൊരു നടനെതിരെയും,പീഡന പരാതിയിൽ മറ്റൊരു സംവിധായകനെതിരെയും കേസെടുത്തത് സമീപ കാലത്താണ്. ഇത് മാത്രമല്ല സിനിമക്കുള്ളിലെ സാമ്പത്തിക വഞ്ചന, പകർപ്പവകാശ ലംഘനം, സൈബർ അധിക്ഷേപം തുടങ്ങിയ പല വിധ പരാതികളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് നൽകിയ പരാതിയിൽ പഴയൊരു സംവിധാകനെതിരെ ഐടി ആക്റ്റ് പ്രകാരവും, ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി പ്രമുഖയായ നടി നൽകിയ പരാതിയിൽ പ്രസിദ്ധനായ മറ്റൊരു പരസ്യ സംവിധായനെതിരെയും കേസെടുത്തു.

നടിയെ ഫോണിലൂടെ തുടർച്ചയായി ശല്യം ചെയ്ത സംഭവത്തിൽ വേറൊരു സംവിധായനെതിരെ കേസെടുത്തു. ഇങ്ങനെ പരാതി ലഭിച്ച എല്ലാകേസിലും മുഖം നോക്കാതെയുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്.

20-Aug-2024