ബിഷപ്പിന്റെ അറസ്റ്റ് നടന്നില്ലെങ്കില്‍ രണ്ടാം വിമോചന സമരത്തിന് തയ്യാറാവണമെന്ന് ആക്റ്റിവിസ്റ്റുകള്‍
അഡ്മിൻ
എറണാകുളം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും നീതി ലഭ്യമാക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയും കൊച്ചിയില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അങ്കലാപ്പില്‍. പൊലീസ് അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും ഹൈക്കോടതി പറഞ്ഞപ്പോള്‍ സമരത്തിന് വെള്ളവും വെളിച്ചവും കൊടുക്കുന്ന ആക്റ്റിവിസ്റ്റുകള്‍ ത്രിശങ്കുവിലായി. ബിഷപ്പിന്റെ അറസ്റ്റ് നടന്നില്ലെങ്കില്‍ കേരളമാകെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനും രണ്ടാം വിമോചന സമരം പോലെ വിപുലീകരിക്കാനുമാണ് കൊച്ചി സമരത്തിന്റെ അണിയറ പ്രവര്‍ത്തകരായ ആക്റ്റിവിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാവുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും ഉറപ്പ് ലഭിച്ചപ്പോഴാണ് ചില ആക്റ്റിവിസ്റ്റുകള്‍ സമരപന്തലിലെത്തിയത്. എന്നാല്‍, ശക്തമായ തെളിവുകളുടെ അഭാവത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങളുടെയും നിക്ഷിപ്ത താല്‍പ്പര്യത്തോടെ സമരം ചെയ്യുന്ന ചില ആള്‍ക്കാരുടെയും സമ്മര്‍ദ്ദത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ വശംവദരാകാന്‍ പാടില്ലെന്ന കോടതി നിരീക്ഷണം നേരത്തെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വസ്തുതാപരമായി കോടതിയില്‍ വിശദാംശങ്ങള്‍ പങ്കവെച്ചതിനാലാണ് കോടതിക്ക് ബിഷപ്പിനെതിരായ അന്വേഷണത്തില്‍ സംതൃപ്തി തോന്നിയത്.
പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണം തടസ്സപ്പെടും. പഴയകേസ് ആയതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണ്ടി വരും. പൊലീസ് തെളിവുകള്‍ ശേഖരിച്ചതിനാല്‍ അവ നഷ്ടമാകുമെന്ന പേടി വേണ്ട. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പരാതി പരിഗണനയിലാണെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ആശങ്കയ്ക്ക് ഇപ്പോള്‍ അടിസ്ഥാനമില്ലെന്നും സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്നും പൊലീസിന് അല്പം പ്രശംസ നല്കരുതോ എന്നും കോടതി ചോദിച്ചു. അതേ സമയം കേസില്‍ ഇരക്കും സാക്ഷികള്‍ക്കും കുറവിലങ്ങാട്ടെ മഠത്തിനും സംരക്ഷണം നല്‍കിയിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു. മഠവും പൊലീസ് സ്റ്റേഷനും തമ്മില്‍ ഹോട്ട്ലൈന്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ടന്നും മഠത്തിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സഹായം തേടാമെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുകയാണെന്നും അഞ്ച് സംസ്ഥാനങ്ങളും കേരളത്തിലെ ഏഴ് ജില്ലകളും അന്വേഷണ പരിധിയിലാണന്നും വിപുലീകരിച്ച സംഘത്തില്‍ മിടുക്കരായ ഉദ്യോഗസ്ഥരാണുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സമരത്തിന്റെ മുന്നോട്ടുപോകല്‍ എങ്ങിനെയായിരിക്കണമെന്ന് ആക്റ്റിവിസ്റ്റുകള്‍ കൂടിയാലോചിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി, ആര് എം പി തുടങ്ങിയ സംഘടനകളും പ്രഖ്യാപിത ആക്റ്റിവിസ്റ്റുകളും കന്യാസ്ത്രീകളുടെ പ്രതിഷേധത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാനുള്ള അണിയറപ്രവര്‍ത്തനം നടത്തുകയാണ്. ചില മാധ്യമ പ്രവര്‍ത്തകരുടെ സഹായവും ഇവര്‍ക്കുണ്ട്. പ്രതി അറസ്റ്റിലാവുന്നതിലാണോ, അതോ ശിക്ഷിക്കപ്പെടുന്നതിലാണോ ഹര്‍ജിക്കാര്‍ക്ക് താല്‍പ്പര്യമെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞത് സമരക്കാരുടെ നേര്‍ക്കുള്ള ചോദ്യമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
14-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ