രാഷ്ട്രീയ പാര്‍ട്ടി പതാകയും ചിഹ്നവും പുറത്തിറക്കി വിജയ്

തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ഔദ്യോഗിക പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തു ഇളയ ദളപതി വിജയ്. ഇന്ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അനാച്ഛാദനം. കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ആരാധകരും ചടങ്ങില്‍ പങ്കെടുത്തു.

ചുവപ്പും മഞ്ഞയും ഇടകലര്‍ന്നതാണ് പാര്‍ട്ടി പതാകയുടെ നിറം. മുകളിലും താഴെയും ചുവപ്പും നടുവില്‍ മഞ്ഞനിറവുമാണുള്ളത്. വാകപ്പൂവിന് ഇരുവശത്തുമായി കൊമ്പുകുലുക്കിനില്‍ക്കുന്ന രണ്ട് ആനകള്‍ ആണ് പാര്‍ട്ടിയുടെ ചിഹ്നം.

ഇത് പതാകയുടെ നടുവില്‍ മഞ്ഞനിറത്തിനു മേല്‍ ആലേഖനം ചെയ്തിട്ടുണ്ട്. 30 അടി ഉയരമുള്ള കൊടിമരത്തില്‍ വിജയ് പതാകയുയര്‍ത്തിയായിരുന്നു അനാച്ഛദന കര്‍മം നിര്‍വഹിച്ചത്. ചടങ്ങില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും പുറത്തിറക്കി. സംഗീത സംവിധായകനും ഗായകനുമായ എസ് തമന്‍ ആണ് പാര്‍ട്ടി ഗാനം ചിട്ടപ്പെടുത്തിയതെന്നാണ് വിവരം. വിവേകിന്റേതാണ് വരികള്‍.

22-Aug-2024