ചാരക്കേസ് : നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ഗൂഡാലോചന ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും

ന്യൂഡല്‍ഹി : ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി ഇതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണമെന്ന നമ്പി നാരായണന്റെ ഹര്‍ജിയില്‍ വിധി പറയുകായിരുന്നു സുപ്രീം കോടതി.

മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി ജി പി സിബി മാത്യൂസ്, മുന്‍ എസ് പിമാരായ കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നഷ്ടപരിഹാരമല്ല, തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാണ് വേണ്ടതെന്നായിരുന്നു നമ്പി നാരായണന്റെ മുഖ്യവാദം. 1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി ബി ഐ നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി ബി ഐ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ചുകൊണ്ട് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി  പറഞ്ഞത്.കേസില്‍ നമ്പി നാരായണനെ നേരത്തെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ നെല്ലിനോട് പ്രതികരിച്ചു. സിമിതിക്ക് പകരം സി ബി ഐ അന്വേഷണമായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

14-Sep-2018