സർക്കാരിന്റെ ഇഛാശക്തികൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയമിച്ചത്: എ കെ ബാലൻ
അഡ്മിൻ
മലയാള സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ കണ്ടുപിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശക്തമായ നിലപാടാണ് സർക്കാർ എടുക്കുന്നതെന്ന് മുൻ മന്ത്രി എ കെ ബാലൻ. ഹൈക്കോടതി പരാമർശം അതിന് കൂടുതൽ സഹായകരമാകും. പ്രശ്നപരിഹാരത്തിന് ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യമായിരുന്നു. സർക്കാരിന്റെ ഇഛാശക്തികൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയമിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.
കോടതിയുടെ ഇടപെടൽ, പരാതിക്കാരുടെ ഇടപെടൽ, സർക്കാറിന്റെ സമീപനം എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ഒരുമിച്ചാലെ പരിഹാരം കാണാൻ കഴിയൂ. ഇത് മൂന്നും ഒരുമിച്ച് ചേർന്നാലേ യഥാർത്ഥത്തിലുള്ള കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ കഴിയൂ.
റിപ്പോർട്ടിന്റെ ഭാഗമായി എഫ്ഐആറിടാനാകില്ല. മൊഴികളെ അടിസ്ഥാനമാക്കി കേസെടുക്കാൻ പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ സർക്കാരിനാകില്ല. ഉമ്മൻചാണ്ടിക്കേസിൽ ഇത് വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മാത്രമേ കേസെടുക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു