വൈദ്യുതിക്ക് പിന്നാലെ ജലത്തിനും ചാര്‍ജ് കൂട്ടാനൊരുങ്ങി കര്‍ണാടക
അഡ്മിൻ
ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) നേരിടുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ബെംഗളൂരു നഗരത്തിലെ ജലനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജലവിഭവത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ ചാര്‍ജ് 20-30% വരെ ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.
''വെള്ളം കിട്ടാത്തപ്പോള്‍ പൗരന്മാര് ഞങ്ങളെ ശകാരിക്കുന്നു, അവര്‍ സന്ദേശങ്ങളും കോളുകളും ഉപയോഗിച്ച് ഞങ്ങളെ വേട്ടയാടുന്നു. എന്നെ ആരെങ്കിലും വിമര്‍ശിക്കട്ടെ, ഞാന്‍ ബെംഗളൂരുവില്‍ ജലനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു, അല്ലെങ്കില്‍ ഞങ്ങള്‍ അതിജീവിക്കില്ല,' ശിവകുമാര്‍ പറഞ്ഞു. 'കഴിഞ്ഞ 12-13 വര്‍ഷമായി ജലനിരക്കില്‍ വര്‍ദ്ധന ഉണ്ടായിട്ടില്ല. ജലനിരക്ക് വര്‍ദ്ധന അനിവാര്യമാണ്, ഏത് എതിര്‍പ്പും കണക്കിലെടുക്കാതെ അത് നടപ്പിലാക്കും,' ഉപമുഖ്യമന്ത്രി പറഞ്ഞു.
ബിഡബ്ല്യുഎസ്എസ്ബി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 70% വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാതെ അവശേഷിക്കുന്നു. ജീവനക്കാരുടെ ശമ്പള ചെലവ് 15% വര്‍ദ്ധിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ പ്രവര്‍ത്തനച്ചെലവ് വഹിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറുന്നതിനും ആവശ്യമായ നടപടിയായാണ് ജലനിരക്കിലെ നിര്‍ദിഷ്ട വര്‍ധനയെ കാണുന്നത്.
അടുത്തിടെ ഇന്ധന നികുതി വര്‍ദ്ധനയില്‍ വിമര്‍ശനം നേരിട്ട കര്‍ണാടക സര്‍ക്കാര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ജലനിരക്ക് വര്‍ദ്ധനയ്ക്ക് അന്തിമരൂപം നല്‍കും. തീരുമാനം കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കും എന്നുറപ്പാണ്. എന്നാല്‍ നഗരത്തിലെ ജലവിതരണം തടസം കൂടാതെ നടത്താന്‍ ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.