അനാവശ്യ വിവാദങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴയ്ക്കുന്നു: മന്ത്രി ഗണേഷ് കുമാര്‍

ഇടതുപക്ഷ സര്‍ക്കാര്‍ വലിയ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അനാവശ്യ വിവാദങ്ങളിലേക്ക് സര്‍ക്കാരിനെ വലിച്ചിഴയ്ക്കുകയാണെന്നും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്നതാണോ ശരിയെന്ന് ചോദിച്ച ഗണേഷ് കുമാര്‍ നമ്മുടെ കണ്ണില്‍ കാണുന്നതേ വിശ്വസിക്കാവൂവെന്നും കൂട്ടിച്ചേര്‍ത്തു.

ഗണേഷ് കുമാറിന്റെ പ്രസ്താവന:

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നയപരമായി വലിയ വ്യത്യാസമൊന്നുമില്ല. ബിജെപിക്ക് കുറച്ച് വര്‍ഗീയത കൂടുതലാണ് എന്നേയുള്ളൂ. ഈ സര്‍ക്കാരിനെ വെടക്കാക്കി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ സംഘടനകളുമായി യുഡിഎഫ് സഖ്യമുണ്ടാക്കി മത്സരിക്കുന്നു.

എല്ലാ വര്‍ഗീയ പാര്‍ട്ടികള്‍ക്കും ഒപ്പം ചേരുകയാണ് യുഡിഎഫ്. ചില ചൊറി കേസുകള്‍ വരുമ്പോള്‍ അതിന്റെ പിറകേ പോകരുത്. വിവാദങ്ങളുടെ പിറകെ പോകാതെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കണം.

വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പറത്തിയ ഹെലികോപ്ടറിന്റെ ബില്ല് എന്ന് വരും. ബെയ്‌ലി പാലം ഒക്കെ നിര്‍മിച്ചു. മുമ്പ് ഇങ്ങനെ ബില്ല് തന്ന ചരിത്രമുണ്ട്. തലശ്ശേരിയിലെ ബിഷപ്പ് പറഞ്ഞത് കൊണ്ടല്ല റബ്ബറിന് വില കൂടിയത്. വില കുറഞ്ഞപ്പോള്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റി. അതോടെ ഡിമാന്റ് കൂടിയപ്പോള്‍ വില കൂടി. യുഡിഎഫ് ഭരിക്കുമ്പോള്‍ തൊടുപുഴ-മൂവാറ്റുപുഴ, പാല ഭാഗത്ത് മാത്രമാണ് വികസനം നടന്നത്. പിണറായി വിജയന്റെ ഭരണകാലത്താണ് ഗ്രാമീണ റോഡുകളടക്കം നിലവാരമുള്ളതായതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

24-Aug-2024