ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി
അഡ്മിൻ
ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള അവധി ദിനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കത്ത് അയച്ചത്. ഹരിയാന ബിജെപി അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോലിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.
അവധി ദിനങ്ങള്‍ വോട്ടിംഗ് ശതമാനത്തെ ബാധിക്കും എന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടം ആയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയില്‍ മൂന്നാം തവണയും വിജയിക്കാന്‍ ആകുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസും വലിയ പ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്.
ആകെ 90 മണ്ഡലങ്ങളാണ് ഹരിയാനയില്‍ ഉള്ളത്. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി സമ്മതിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടി എംഎല്‍എമാരില്‍ ജനങ്ങള്‍ കടുത്ത അതൃപ്തരാണെന്നും സര്‍വേ ഫലത്തില്‍ വ്യക്തമാക്കുന്നുണ്ട്.