സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ ; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
അഡ്മിൻ
മലയാള സിനിമ മേഖലയിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് വനിത ഉദ്യോഗസ്ഥർ. പരസ്യമായി പരാതി പറഞ്ഞവരെ അന്വേഷണ സംഘം ബന്ധപ്പെട്ടു തുടങ്ങി.
ഹേമ കമ്മിറ്റി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളിൽ നിന്ന് ഉണ്ടായ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
പരസ്യമായി ആരോപണം ഉന്നയിച്ച ചിലരെ പ്രത്യേക സംഘം ഫോണിൽ ബന്ധപ്പെട്ടു. നടന്‍ ബാബുരാജിനും സംവിധായകരായ വി.എ. ശ്രീകുമാര്‍ മേനോനും വി.കെ.പ്രകാശിനുമെതിരെ ആരോപണം ഉന്നയിച്ചവരെയാണ് ആദ്യഘട്ടത്തില്‍ ഫോണില്‍ വിളിച്ചത്. ഇവര്‍ മൊഴി നല്‍കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ പരാതി ഉന്നയിച്ച മറ്റ് സ്ത്രീകളെയും ഫോണില്‍ ബന്ധപ്പെടും. ഏഴംഗസംഘത്തിലെ നാല് വനിത ഉദ്യോഗസ്ഥര്‍ തന്നെയാകും മൊഴിയെടുപ്പും തെളിവ് ശേഖരണവും നടത്തുക.