ചാരക്കേസ് : രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി : ചാരക്കേസില്‍ ഒരു അടിസ്ഥാനവുമില്ലാതെയാണ് ക്രിമിനല്‍ നടപടികള്‍ക്ക് പൊലീസ് തുടക്കമിട്ടതെന്ന് സുപ്രീംകോടതി. വിചിത്ര ഭാവനയുടെയോ സങ്കല്‍പ്പങ്ങളുടെയോ ഒക്കെ അടിസ്ഥാനത്തിലാണ് കേസിന് തുടക്കമിട്ടതെന്ന് പറയേണ്ടിവരും സുപ്രീം കോടതി വിധിന്യായത്തിൽ പറയുന്നു. 

പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ണമായും പകപോക്കല്‍ സമീപനത്തോടെയായിരുന്നു. സിബിഐയാണ് തെറ്റുകാരെന്ന വാദം അംഗീകരിക്കാനാകില്ല. ഒരാളുടെ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനമായ സ്വാതന്ത്ര്യവും അന്തസ്സുമാണ് ഹര്‍ജിക്കാരനെ കസ്റ്റഡിയിലെടുത്തത് വഴി അട്ടിമറിച്ചത്. പൂര്‍വകാല മഹിമ എന്തുതന്നെയായാലും അതൊന്നും പരിഗണിക്കാതെ നിന്ദ്യമായ വെറുപ്പിനെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതനാക്കി.

ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനാല്‍ പൊതുനിയമ പരിഹാരപ്രകാരം നഷ്ടപരിഹാരം അനിവാര്യമായ സാഹചര്യമാണിത്. കസ്റ്റഡി പീഡനമുണ്ടായതായി പരാതിയില്ലെന്ന വാദമുണ്ട്. പീഡനമെന്നതിനെ ഇടുങ്ങിയ കാഴ്ചപ്പാടില്‍ നോക്കിക്കാണുന്നതിനാലാണ് ഇത്തരം വാദം. ഡി കെ ബസു കേസില്‍ സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിക്കുന്നു ഭരണഘടനയിലോ മറ്റ് നിയമങ്ങളിലോ 'പീഡനം' നിര്‍വചിക്കപ്പെട്ടിട്ടില്ല. ഉപദ്രവം ഏല്‍പ്പിച്ചുകൊണ്ട് ദുര്‍ബലനുമേല്‍ തന്റെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാന്‍ ശക്തര്‍ ഉപയോഗിക്കുന്ന ഉപകരമണാണ് പീഡനം. കസ്റ്റഡി പീഡനമെന്നത് ഒരാളുടെ അന്തസ്സിനുനേരായ നഗ്‌നമായ ആക്രമണവും വക്തിത്വത്തെതന്നെ തകർക്കുന്നതുമാണ്. പോലീസ് സ്‌റ്റേഷന്റെ നാല് ചുവരുകള്‍ക്കുള്ളിലോ ലോക്കപ്പിലോ ഒരാളെ തടഞ്ഞുവയ്ക്കുമ്പോഴുള്ള മാനസികവ്യഥയെ പ്രധാനമായി പരിഗണിക്കണമെന്ന് മുന്‍കാല വിധികള്‍ വ്യക്തമാക്കുന്നു. ഒരുപക്ഷേ ശാരീരികമായ വേദനയുണ്ടാകില്ല. പക്ഷേ, മാനസിക പീഡനം നിശ്ചയമായുമുണ്ട് 32 പേജ് വരുന്ന വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

ചാരക്കേസ് കാരണം ശാസ്ത്രജ്ഞനെന്ന നിലയിലുള്ള തന്റെ ഭാവി ഇല്ലാതായെന്നും കുടുംബസമാധാനം പൂര്‍ണമായും തകര്‍ന്നെന്നുമുള്ള വാദങ്ങളാണ് നമ്പി നാരായണന്റെ അഭിഭാഷകര്‍ മുന്നോട്ടുവച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന് കേസ് വലിയ തിരിച്ചടിയായി മാറിയെന്നും അഭിഭാഷകര്‍ പറഞ്ഞു. പല ഘട്ടങ്ങളിലും കോടതിയില്‍ നേരിട്ട് ഹാജരാകാറുണ്ടായിരുന്ന നമ്പി നാരായണനില്‍നിന്ന് മൂന്നംഗ ബെഞ്ച് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

 

15-Sep-2018