രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗം: മന്ത്രി എ കെ ശശീന്ദ്രന്‍

നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണം എന്നായിരുന്നു ശശീന്ദ്രന്റെ പ്രതികണം.

ഒരു പ്രമാണിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. അത്തരം ഒരു കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമാണ്. പ്രത്യേക അന്വേഷണ സംഘം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം എന്‍സിപിയില്‍ മന്ത്രി സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് തനിക്കറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. താന്‍ മന്ത്രിയായത് മുതല്‍ ഇത് കേള്‍ക്കുന്നുണ്ട്. കേന്ദ്രനേതൃത്വം തീരുമാനം എടുത്തതായി താന്‍ അറിഞ്ഞിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

28-Aug-2024