കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസ് സഭയ്ക്കെതിരെ കേസ്
അഡ്മിൻ
കോട്ടയം : ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയ്ക്കെതിരെ കേസ്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
മിഷനറീസ് ഓഫ് ജീസസ് നേതൃത്വം മാധ്യമങ്ങള്‍ക്കാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം കൈമാറിയത്. പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയും വിധം നല്കിയാല് മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ല എന്ന അറിയിപ്പോടെയായിരുന്നു വാര്‍ത്താക്കുറിപ്പിന്റെ ഭാഗമാക്കി ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയത്. കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും. കന്യാസ്ത്രീയുടെ സഹോദരന് വൈക്കം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.
പീഡനക്കേസിലെ ഇരകളെ തിരിച്ചറിയും വിധം ഒരുവിവരവും പുറത്തുവിടരുതെന്നാണു നിയമം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണ കമ്മിഷന്റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലായിരുന്നു സഭയുടെ വാര്‍ത്താക്കുറിപ്പ്. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയെന്നും വാര്‍ത്താകുറിപ്പില്‍ കണ്ടെത്തലുണ്ട്.