വയനാട് ദുരന്തം; മരണപ്പെട്ട 36പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെ ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡി എന്‍ എ സാമ്പിളുമായി യോജിച്ചത്.

ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 36പേരെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിക്കുന്നതിനും ഡി.എന്‍.എ പരിശോധനയ്ക്ക് സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്.

28-Aug-2024