‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത് ഭീരുത്വം: പാര്‍വതി തിരുവോത്ത്
അഡ്മിൻ
ലൈംഗികാരോപണത്തെ തുടര്‍ന്ന് താരസംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത് ഭീരുത്വമാണെന്ന് നടി പാര്‍വതി തിരുവോത്ത്. താരസംഘനയുടെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറി എന്നാണ് പാര്‍വതി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ എത്ര ഭീരുക്കളാണ് ഇവര്‍ എന്നാണ് ആദ്യം തോന്നിയത്.
ഈ വിഷയങ്ങളില്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവര്‍ ഇരുന്നിരുന്നത്. ഞങ്ങള്‍ സ്ത്രീകള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നയിക്കുന്നു. സര്‍ക്കാറുമായി സഹകരിച്ച് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു ചെറിയ നീക്കമെങ്കിലും അവര്‍ നടത്തിയിരുന്നുവെങ്കില്‍ അത് നന്നാകുമായിരുന്നു. ഈ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്തത്.
ഈ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് ലൈംഗികാരോപണങ്ങള്‍ പുറത്ത് വരുന്നത് വരെ അങ്ങനെ യാതൊന്നും ഇവിടെ നടക്കുന്നില്ല എന്ന ഭാവത്തോടെ ഇരുന്നത്. സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ മുന്നോട്ട് വരട്ടെ എന്ന് പറഞ്ഞ് സര്‍ക്കാരും അശ്രദ്ധ കാണിച്ചു. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകള്‍ കടന്നുപോകും. അതിന് ശേഷം ഞങ്ങളുടെ കരിയര്‍, മാനസികാരോഗ്യം എന്നിവയെ കുറിച്ചൊന്നും ആരും ചിന്തിക്കുകയില്ല.
അതൊന്നും ആര്‍ക്കും ഒരു വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്. ഞങ്ങളല്ല തെറ്റുകാര്‍. പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. അവരോട് ബഹുമാനമുണ്ട്. അമ്മ എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് എനിക്കറിയാം. ഞാനും അതിന്റെ ഭാഗമായിരുന്നു.
ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി സര്‍വാധികാരിയായി ഇരിക്കുകയാണ്. നമുക്ക് നമ്മുടെ ആവശ്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ അവിടെ അവകാശമില്ല. ഇനിയെങ്കിലും മികച്ച നേതൃത്വം വന്നാല്‍ സംഘടന ശക്തിപ്പെട്ടേക്കാം എന്നാണ് പാര്‍വതി പറയുന്നത്.