കേന്ദ്രം അനുവദിച്ച സെഡ് പ്ലസ് കാറ്റഗറി സുരക്ഷ അംഗീകരിക്കാതെ ശരദ് പവാർ

കേന്ദ്ര സർക്കാർ അനുവദിച്ച സെഡ് പ്ലസ് കാറ്റഗറി സുരക്ഷ അംഗീകരിക്കാതെ എൻസിപി നേതാവ് ശരദ് പവാർ. രണ്ടു ദിവസത്തിനുള്ളിൽ ചർച്ച നടത്തി തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്റലിജൻസ് ബ്യുറോയുടെ ഇപ്പോഴുള്ളവർക്കു പുറമേ 55ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി നിയമിക്കും.

വസതിയിലും യാത്രയിലും സുരക്ഷാ സംഘം അനുഗമിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തനിക്കു സുരക്ഷ കൂട്ടുന്നതിൽ പവാർ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിരീക്ഷിക്കാനാണോ കൂടുതൽ സുരക്ഷയെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് എത്തുമ്പോഴൊക്കെ പവാറിനെ വിമർശിക്കുന്ന ബിജെപി നേതാക്കൾ എന്തിനാണ് അദ്ദേഹത്തിന്റെ സുരക്ഷ കൂട്ടുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷമായി വിമർശിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം വലിയ വിജയം നേടിയതോടെ പവാറിനെ നിരീക്ഷിക്കാനാണ് സുരക്ഷ കൂട്ടുന്നതെന്ന വാദം എൻസിപിക്കുള്ളിലുമുണ്ട്.

 

29-Aug-2024