കാരുണ്യ സ്പർശം രാജ്യത്തിനാകെ മാതൃകയാകുന്ന ചുവടുവെയ്പ്: മുഖ്യമന്ത്രി

കാൻസർ ചികിത്സാ ചെലവ് ചുരുക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പർശം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാൻസർ രോഗബാധിതരായവർക്ക് പൊതുവിപണിയിൽ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവിൽ കാരുണ്യ ഫാർമസികളിൽ നിന്ന് മരുന്നുകൾ ഇതുവഴി ലഭിക്കും.

നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിയുടെ ആദ്യ ഘട്ടമായി ഓരോ ജില്ലയിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലൂടെ ഉയർന്ന വിലയുള്ള കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. നിലവിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന എല്ലാ കാരുണ്യ ഫാർമസികളിലുമായി 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ ലഭ്യമാണ്. ഇവയെല്ലാം ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ സവിശേഷത. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിയും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണമായും ഒഴിവാക്കിയുമാകും ഈ കൗണ്ടറുകൾ പ്രവർത്തിക്കുക. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. വിപണിയിൽ ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്നിന് 93 ശതമാനം വിലക്കുറവ് ഉണ്ടെങ്കിൽ കേവലം 11,892 രൂപയ്ക്കായിരിക്കും രോഗികൾക്കു ലഭിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആദ്യത്തെ പ്രത്യേക കൗണ്ടർ പ്രവർത്തനം ആരംഭിക്കുന്നത്. വിപണി വിലയിൽ നിന്ന് 10 മുതൽ 93 ശതമാനം വരെ വിലക്കുറവിൽ കാരുണ്യ ഫാർമസിയിലൂടെ എണ്ണായിരത്തിൽപ്പരം ബ്രാൻഡഡ് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. നിലവിൽ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ പ്രവർത്തിക്കുന്നു. ഇതിൽ ഏഴെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. ഇവയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത ഘട്ടത്തിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിലകൂടിയ കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാനാണ് കാരുണ്യസ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം കാൻസർ മരുന്നുകളുടെ ചൂഷണം തടയുകയും ചെയ്യും. അത് അർഹമായ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിന് പ്രിസ്‌ക്രിപ്ഷനിൽ സീൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കാൻസർ രോഗത്തിന് മുമ്പിൽ നിസഹായരാകുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. എ. ഷിബുലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, വാർഡ് കൗൺസിലർ ഡി.ആർ. അനിൽ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജർ എസ്. അനോജ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. അതത് ജില്ലകളിൽ എംപിമാർ, എംഎൽഎമാർ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

29-Aug-2024