ജോലി സ്ഥലത്തെ ലൈംഗികാതിക്രമം; പരാതി നല്‍കാന്‍ ഇനി കേന്ദ്രീകൃത പോര്‍ട്ടല്‍

ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്ഫോമായ ഷീ-ബോക്സ് പോര്‍ട്ടലിന് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തുടക്കം കുറിച്ചു. https://shebox.wcd.gov.in/ എന്ന പോര്‍ട്ടല്‍ വനിത ശിശുക്ഷേമ മന്ത്രി അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു.

വ്യക്തിപരമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാതെ പരാതികള്‍ സുരക്ഷിതമായി ഇതില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ഇങ്ങനെ:

1. രാജ്യത്തുടനീളം രൂപീകരിച്ച ഇന്റേണല്‍ കമ്മിറ്റികളും (ഐസി) ലോക്കല്‍ കമ്മിറ്റികളും (എല്‍സി) നല്‍കുന്ന വിവരങ്ങള്‍ കേന്ദ്രീകരിക്കും

2. സര്‍ക്കാര്‍, സ്വകാര്യ മേഖലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഫയല്‍ ചെയ്യുന്നതിനും അവയുടെ തല്‍സ്ഥിതി അറിയിക്കാനും സൗകര്യം.

3. ഇന്റേണല്‍ കമ്മിറ്റികള്‍ സമയബന്ധിതമായി പരാതികള്‍ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കും. പോര്‍ട്ടലിലൂടെ നിയുക്ത നോഡല്‍ ഓഫീസര്‍ മുഖേന പരാതികളുടെ തത്സമയ നിരീക്ഷണം നടത്താനാവും.

30-Aug-2024