കടമെടുപ്പ് പരിധി: കേസ് പരിഗണിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയിൽ
അഡ്മിൻ
കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്യൂട്ട് ഹർജി ഉടൻ പരിഗണിക്കണമെന്ന് കേരളം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബലാണ് ആവശ്യം ഉന്നയിച്ചത്.
ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഓണത്തിന് ശേഷം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേരളം സുപ്രീംകോടതിയിൽ ഉന്നയിച്ചത്. കടപരിധിയിലെ കേന്ദ്രനിലപാടിനെതിരേ കേരളം സമർപ്പിച്ച ഹർജി കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.
ഭരണഘടനയുടെ 293ാം അനുച്ഛേദപ്രകാരമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്. ഈ വകുപ്പ് ഇതുവരെ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും ഭരണഘടനാ വിഷയമായതിനാൽ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.