വിവാഹ രജിസ്‌ട്രേഷനില്‍ നിയമ ഭേദഗതി; നിര്‍ദ്ദേശം നല്‍കി മന്ത്രി എം ബി രാജേഷ്

വിവാഹ രജിസ്‌ട്രേഷനില്‍ നിയമ ഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആവശ്യപ്പെട്ടാല്‍ ഏവര്‍ക്കും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ വിവാഹം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയും വിധം നിയമ ഭേദഗതി വരുത്തുമെന്ന് മന്ത്രി അറിയിച്ചു. ആവശ്യക്കാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ചട്ട ഭേദഗതി കൊണ്ടുവരാന്‍ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജേക്കബ് മുഖേന ജനന-മരണ-വിവാഹ രജിസ്ട്രാര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി. കെ ശ്രീകുമാര്‍ നല്‍കിയ പരാതി, സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവര്‍ക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്കാണ് വഴിവെച്ചത്.

ഗ്രാമപഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി തേടിയായിരുന്നു പരാതി. 2019 ല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശത്തുള്ളവര്‍ക്ക് വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈനില്‍ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്, അതേ സമയം ദമ്പതികളില്‍ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

30-Aug-2024