'വിറ്റ്‌നസ്'; സാക്ഷി മാലിക്കിന്റെ പുസ്തകം ഒക്ടോബറില്‍
അഡ്മിൻ
ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ അനുഭവങ്ങളും ഓര്‍മക്കുറിപ്പുകളും ഉള്‍പ്പെടുത്തി പുസ്തകം പുറത്തുവരുന്നു. സാക്ഷി മാലിക്കും ജോനാഥന്‍ സെല്‍വരാജും ചേര്‍ന്ന് എഴുതിയ 'വിറ്റ്‌നസ്' ഒക്ടോബറിൽ പുറത്തിറങ്ങും.പുസ്തകത്തിന്റെ പ്രസാധകര്‍ ജഗ്ഗര്‍നോട്ട് ബുക്‌സ് ആണ്.
റോത്തഗില്‍ ഗുസ്തി പഠനം ആരംഭിക്കുന്നത് മുതല്‍ റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നതും ഒളിംപിക്‌സിന് ശേഷമുള്ള ജീവിതവും ഏറ്റവും ഒടുവില്‍ ഗുസ്തി ഫെഡറേഷനുമായുണ്ടായ തര്‍ക്കങ്ങള്‍ വരെയും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
'ഇന്ത്യയിലെ വനിതാ ഗുസ്തിയില്‍ വളരെ അത്ഭുതകരമായ യാത്രയാണ് സാക്ഷിയുടേത്. ഒരു അന്താരാഷ്ട്ര ഗുസ്തി താരത്തിന്റെ ജീവിതത്തിലെ ട്രെയിനിംഗ്, ക്യാംപ് ജീവിതം, ഡേറ്റിംഗ്, സാമ്പത്തിക അവസ്ഥ തുടങ്ങി എല്ലാ കാര്യങ്ങളും പുസ്തകത്തിലുണ്ട്,' ജഗ്ഗര്‍നോട്ട് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഗുസ്തി ഫെഡറേഷനുമായുള്ള പ്രശ്‌നങ്ങളും പുസ്തകത്തിൽ പറയുന്നു.
2023 ഡിസംബറിലാണ് സാക്ഷി മാലിക് പ്രഫഷണല്‍ ഗുസ്തിയില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. വിരമിക്കുന്ന സമയത്ത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗുസ്തി താരങ്ങളില്‍ ഒരാളായിരുന്നു സാക്ഷി. ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യത്തെ വനിതാ ഗുസ്തി താരം കൂടിയായിരുന്നു സാക്ഷി മാലിക്ക്.