സോഷ്യൽ മീഡിയയായ എക്‌സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി

രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്ന് എക്‌സിന് പൂട്ടിട്ട് ബ്രസീലിയൻ സുപ്രീം കോടതി. എക്സിന്റെ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് നീക്കം.

എക്‌സിലൂടെ രാജ്യവ്യാപകമായി വ്യാജ-വിദ്വേഷ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ബ്രസീലിയൻ സുപ്രീം കോടതിയുടെ കണ്ടെത്തൽ. അങ്ങനെയുള്ള അക്കൗണ്ടുകൾ വിലക്കണമെന്ന് നിർദേശിച്ചെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എക്സ് ഉടമ ഇലോൺ മസ്ക് ആവശ്യം നിരാകരിക്കുകയായിരുന്നു.

നിയമകാര്യ പ്രതിനിധിയെ നിയമിക്കാൻ അനുവദിച്ച 24 മണിക്കൂർ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകി ബ്രസീലിയൻ സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാന്ദ്രെ ഡി മോറിസ് ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം നടപ്പാക്കാൻ ബ്രസീലിൻ്റെ ദേശീയ ടെലികമ്മ്യൂണിക്കേഷൻ ഏജൻസിക്ക് 24 മണിക്കൂർ സമയവും നൽകി.

ഏകദേശം രണ്ട് കോടി ഉപയോക്താക്കളെയാണ് സുപ്രീംകോടതി ഉത്തരവ് ബാധിക്കുക. മറ്റ് വി പി എന്നുകൾ ഉപയോഗിച്ച് എക്സ് ഉപയോഗിക്കുന്നവർക്ക് മേൽ പ്രതിദിനം ഏകദേശം 9000 ഡോളർ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

31-Aug-2024