സിനിമാ രംഗത്ത് ഐസിസി ആദ്യം തുടങ്ങിയത് കേരളത്തിലാണ്: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അമാന്തം കാണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . ഇന്ത്യയിലാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കേരളത്തില്‍ ഉണ്ടാക്കിയത്. ഇത് ജുഡീഷ്യല്‍ കമ്മീഷനല്ല. ഹേമ കമ്മിറ്റി നല്‍കിയ ശുപാര്‍ശ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
സിനിമാ രംഗത്ത് ഐസിസി ആദ്യം തുടങ്ങിയത് കേരളത്തിലാണ്. ജസ്റ്റിസ് ഹേമ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത്. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നം ഉണ്ടായിരുന്നു. അതിനാലാണ് അത് പുറത്ത് വിടാതിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു അമാന്തവും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ഭരണകക്ഷി എംഎല്‍എക്കെതിരെ പോലും കേസെടുത്തു. ഇത് രാജ്യത്തിന് മാതൃകയാണ്.
ലൈംഗിക ആരോപണ വിധേയനായ എം മുകേഷ് എംഎല്‍എയോട് രാജിവെക്കാന്‍ സിപിഐഎം ആവശ്യപ്പെടില്ല. മുകേഷിന്റെ രാജിയില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. പാര്‍ട്ടി ഇതേ പറ്റി വിശദമായി പഠിച്ചു. 16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എംപി സ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജി വെച്ചിട്ടില്ല.
കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ക്ക് എതിരെ കേസുണ്ട്. ഉമ്മന്‍ ചാണ്ടി മുതലുള്ള ആളുകളുടെ പേരില്‍ കേസുണ്ട്. അവരാരും രാജി വെച്ചിട്ടില്ല. മന്ത്രിമാര്‍ രാജി വെച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇടപെടുന്നത് ഒഴിവാക്കാനാണ് മന്ത്രിമാര്‍ രാജി വെക്കുന്നത്. എംഎല്‍എ നിരപരാധിയാണെന്ന് കണ്ടാല്‍ തിരിച്ചെടുക്കാന്‍ അവസരമില്ല. സാമാന്യ നീതിയുടെ ലംഘനമാണിത്. കേസ് അന്വേഷണത്തില്‍ എംഎല്‍എ ആയതുകൊണ്ട് ഒരു പരിഗണനയും നല്‍കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ നയമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.