കോടിയേരിക്ക് മറുപടി പറയാതെ കോണ്‍ഗ്രസ്

തിരുവനന്തപുരം : നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉമ്മന്‍ചാണ്ടിയും കെ പി സി സിയും തയ്യാറാവണമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നില്ല. ചാരക്കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ച സുപ്രീംകോടതി ഉത്തരവിനെ തുറന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗ്രൂപ്പ് ക്യാമ്പ് ശ്മശാന മൂകതയിലാണുള്ളത്. ഗൂഡാലോചന അന്വേഷിക്കുമ്പോള്‍ ചാരക്കേസ് കാലത്തുള്ള ഉമ്മന്‍ചാണ്ടിയുടെ പല പരസ്യപ്രസ്താവനകളും അദ്ദേഹത്തിന് ഭീഷണിയാവുമെന്നുള്ള കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും തര്‍ക്കമില്ല. എ കെ ആന്റണിക്ക് വേണ്ടിയായിരുന്നു അന്ന് ഉമ്മന്‍ചാണ്ടി ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്തതെന്ന ന്യായീകരണവുമായാണ് ഉമ്മന്‍ചാണ്ടി വിശ്വസ്ഥര്‍ ചാരക്കേസിനെ നേരിടുന്നത്.  

ഐ എസ് ആര്‍ ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി കോണ്‍ഗ്രസ് സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരണം ആരാഞ്ഞപ്പോള്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ മൗനം പാലിക്കുകയാണ് ചെയ്തത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഖജനാവിനെ നഷ്ടപരിഹാരത്തിന്റെ ബാധ്യതയില്‍ നിന്നും ഒഴിവാക്കാനുള്ള ധാര്‍മ്മികതയും മാനുഷ്യകതയും കോണ്‍ഗ്രസ് കാണിക്കണമെന്ന കോടിയേരിയുടെ അഭ്യര്‍ത്ഥനയ്ക്കും കോണ്‍ഗ്രസിന് മറുപടിയുണ്ടായിരുന്നില്ല.

അതേസമയം, ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ 5 പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ അറിയിക്കുമെന്ന പത്മജയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് കോടിയേരി വ്യക്തമാക്കി. കെ കരുണാകരന്‍ പത്മജയോട് വെളിപ്പെടുത്തിയ ആ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനെ ധരിപ്പിക്കേണ്ടത് അച്ഛനോട് കാട്ടേണ്ട നീതിയാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നും ഉയരാന്‍ പോകുന്ന സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങാതെ പേരുകള്‍ വെളിപ്പെടുത്താന്‍ പത്മജ തയ്യാറാവണമെന്ന് കോടിയേരി പറഞ്ഞു. ഒരടിസ്ഥാനവുമില്ലാതെ ക്രമിനല്‍ കേസ് ചുമത്തുകയായിരുന്നു ചാരക്കേസിലുണ്ടായതെന്ന കോടതി നിരീക്ഷണം ഗൗരവമുള്ളതാണ്. കരുണാകരനെ താഴത്തിറക്കാനും, ആന്റണിയെ അധികാരത്തിലേറ്റാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന നിയമവിരുദ്ധ കുതന്ത്രങ്ങളില്‍ പങ്കാളികളായ യു ഡി എഫ് നേതാക്കള്‍ പരസ്യമായി കുറ്റസമ്മതം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നമ്പി നാരായണന്‍ നല്‍കിയ കേസിലാണെന്നും അതിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിനെ ബാധിക്കുന്നതോ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതോ ആയ വിധിയല്ല പുറത്തുവന്നതെന്ന് പറഞ്ഞുകൊണ്ട് ഹസന്‍ കോടിയേരിയ്ക്കുള്ള മറുപടി പേരെടുത്ത് പറയാതെ പറഞ്ഞു. സുപ്രീംകോടതി ഉത്തരവു പ്രകാരമുള്ള അന്വേഷണം വരട്ടെയെന്ന് കെ പി സി സി പ്രസിഡന്റ് ധൈര്യം പ്രകടിപ്പിച്ചു. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലിന്റെ അഭിപ്രായത്തെക്കുറിച്ചു കൂടുതല്‍ പറയേണ്ടത് അവരാണെന്നും ഹസന്‍ കൈകഴുകി. വിധിയെക്കുറിച്ചു പ്രതികരിക്കില്ലെന്ന് പറഞ്ഞ് ഹസന്‍ കോണ്‍ഗ്രസ് നിലപാടും വ്യക്തമാക്കി.


16-Sep-2018