ചാരക്കേസ് : കോണ്‍ഗ്രസിലെ സി ഐ എ ഏജന്റ് ആര്?
അഡ്മിൻ
തിരുവനന്തപുരം : ചാരക്കേസിന്റെ പിന്നിലുള്ള ഗൂഡാലോചനയെ കുറിച്ച് ജുഡീഷ്യല്‍ സമിതി അന്വേഷിക്കുമ്പോള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയുടെ സാന്നിധ്യം കൂടി അന്വേഷിക്കേണ്ടി വരും. ചാരക്കേസെന്ന പേരില്‍ ഐ ബി നടപ്പിലാക്കിയ നാടകത്തിനുപിന്നിലെ ശക്തികേന്ദ്രങ്ങള്‍ ആരെന്ന് തിരിച്ചറിഞ്ഞാലേ സി ഐ എയുടെ ഇടപെടലിന്റെ വഴിയും സ്വഭാവവും വ്യക്തമാക്കാനാവൂ.
ഐ എസ് ആര് ഒ ചാരക്കേസ് നടക്കുന്ന 1994 കാലഘട്ടത്തില്‍ കേരളത്തിലെത്തിയ ഐ ബിയുടെ അന്വേഷണസംഘത്തെ നയിച്ചത് രത്തന്‍ സെഗാളായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയുടെ ക്രാക് കൗണ്ടര്‍ വിഭാഗത്തിന്റെ മേധാവിയായിരുന്നു രത്തന്‍ സെഗാള്‍. ചാരക്കേസുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കു പിന്നില്‍ രത്തന്‍ സെഗാളും സംഘവുമായിരുന്നു. ഈ ഐ ബി ഉദ്യോഗസ്ഥനെ 1996 നവംബര്‍ 17ന് ഐ ബി ഡയറക്ടര്‍ അരുണ്‍ ഭഗത് വിളിച്ചുവരുത്തി. അമേരിക്കക്കാരിയായ സി ഐ എ ഏജന്റിനൊപ്പം യാത്ര ചെയ്തും താമസിച്ചും ഉല്ലാസത്തിലേര്പ്പെട്ട രത്തന്‍ സെഗാളിന്റെ വീഡിയോ ടേപ്പുകള്‍ കാണിക്കാനായിരുന്നു ഐ ബി ഡയറക്ടര്‍ രത്തന്‍ സെഗാളിനെ വിളിച്ചുവരുത്തിയത്. രത്തന്‍ സെഗാളിന് പിന്നാലെ ഏതാനും വര്‍ഷങ്ങളായി നടന്നുപകര്ത്തിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രത്തന്‍ ഒരു പൂര്‍ണ സി ഐ എ ചാരനാണെന്ന് ഐ ബിക്ക് ബോധ്യമായി. തുടര്‍ന്ന് സര്‍വിസ് ബാക്കിനില്‍ക്കെ സ്വയം വിരമിച്ചുപോകാന് നിര്‍ദേശം നല്കി. ഒരു ഷോകോസുപോലും നല്‍കാതെ 27 വര്‍ഷത്തെ സര്‍വിസുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടിയെ രത്തന്‍ സെഗാള്‍ ചാരക്കേസ് വാര്‍ത്തകള്‍ നല്കിയ ഒരു മാധ്യമം പോലും ചോദ്യംചെയ്തില്ല. പുറത്തുപറയാന്‍ കഴിയാത്തത്രയും രഹസ്യങ്ങളുടെ താവളമായിരുന്ന രത്തന്‍ സെഗാളിനെ പിരിച്ചുവിട്ടതിലൂടെ ആഭ്യന്തരവകുപ്പ് വലിയൊരു തലവേദന ഒഴിവാക്കുകയായിരുന്നു. ഐ ബിയുടെ അടുത്ത ഡയറക്ടര്‍ ആകേണ്ട വ്യക്തിയെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്യപ്പെടുകയോ മറ്റോ ചെയ്താല്‍ അത് ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതമാവുമെന്ന ഭയമായിരുന്നു ആഭ്യന്തരവകുപ്പിനുണ്ടായിരുന്നത്. അതിനാലായിരുന്നു രഹസ്യമായി പിരിച്ചുവിടല്‍ കര്‍മം നടത്തിയത്.
ഒന്നുകില്‍ സ്വയം വിരമിച്ചുപോവുക. അല്ലെങ്കില്‍ നാഷനല്‍ സെക്യൂരിറ്റി ആക്ട് (എന്‍ എസ് എ) പ്രകാരം അറസ്റ്റ് വരിക്കുക എന്നീ രണ്ടു നിര്‍ദേശങ്ങളാണ് രത്തന്‍ സെഗാളിനു മുന്നില്‍ അന്നുണ്ടായിരുന്നത്. രത്തന്‍ സ്വമേധയാ വിരമിക്കാന്‍ സന്നദ്ധത കാട്ടി മാപ്പിരന്നു എന്നാണ് ആഭ്യന്തരവകുപ്പുവൃത്തങ്ങള് വ്യക്തമാക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തകരാതിരിക്കാന്‍ വേണ്ടിയാണ് സി ഐ എ ഏജന്റും രത്തന്‍ സെഗാളിന്റെ കൂട്ടാളിയുമായ അമേരിക്കന്‍ ചാരവനിതയെ അറസ്റ്റ് ചെയ്യാതിരുന്നതും അവരുടെ പേരില്‍ കേസെടുക്കാതിരുന്നതും എന്ന് പഴയ ഐ ബി വൃത്തങ്ങള്‍ പറയുന്നു. അമേരിക്ക സി ഐ എ വഴി ആഗ്രഹിച്ച് നടപ്പാക്കിയ എല്ലാ രഹസ്യഇടപാടുകളും വിജയിപ്പിച്ചാണ് അമേരിക്കന്‍ ചാരവനിത ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. യഥാര്‍ഥത്തില്‍ ഐ എസ് ആര് ഒ ചാരക്കേസ് വഴി ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിന് തടയിടാന്‍ ഈ അജ്ഞാത അമേരിക്കന്‍ വനിതയ്ക്കും അവര്‍ വിലക്കെടുത്ത ഐ ബി മേധാവിയ്ക്കും സാധിച്ചു. അവരുടെ വിമാനയാത്രാ രേഖകള്‍, ഒരുമിച്ച് താമസിച്ച് കൈമാറിയ രഹസ്യങ്ങളുടെ വീഡിയോ കാസറ്റുകള്‍ എന്നിവ ലഭിച്ചിട്ടും നടപടി എടുക്കാനോ ഇക്കാര്യം പരസ്യപ്പെടുത്താനോ ആഭ്യന്തരവകുപ്പ് തയ്യാറാവാത്തതിന് പിന്നില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവായിരുന്നു ഉണ്ടായിരുന്നത് എന്നും പറയപ്പെടുന്നു.
സെഗാളിന്റെ കീഴുദ്യോഗസ്ഥനായിരുന്ന എം കെ ധര്, ഐ എസ് ആര് ഒ ചാരക്കേസ് അന്വേഷണം നടക്കുമ്പോള്‍ കേരളത്തില്‍ വന്നുപോയിരുന്നു. ആ കാലത്ത് ഐ എസ് ഐ ഏജന്റ് എന്ന് മുദ്രകുത്തി ഉത്തര്‍പ്രദേശില്‍നിന്ന് ഒരു മൗലവിയെ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായി. അതിന്റെ സൂത്രധാരനായിരുന്നു എം കെ ധര്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മൗലവി നിരപരാധിയാണെന്ന് ബോധ്യമാവുകയും അദ്ദേഹത്തെ വെറുതേ വിടുകയും ചെയ്തു. മൗലവി അറസ്റ്റുമായി ബന്ധപ്പെട്ട് വര്‍ഗീയത അഴിച്ചുവിടാന്‍ ശ്രമം നടത്തി എന്ന ആരോപണം ഉണ്ടായതിനെതുടര്‍ന്ന് നടപടി വരുമെന്ന ഘട്ടത്തിലാണ് ധര് കേരളത്തിലേക്ക് വന്നത്. ധര് നല്കിയ അനൗദ്യേഗിക നോട്ടില്‍ പറയുന്നത് ഐ എസ് ആര് ഒ ചാരക്കേസ് നടന്നു എന്നാണ്. ഇതും കൂട്ടിവായിക്കേണ്ട ഒരു തെളിവാണ്.
പ്രതിരോധരഹസ്യം ചോര്‍ത്തിയവരെ അറസ്റ്റ്ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. പക്ഷേ, ആ വിവരം മാധ്യമങ്ങളെ ഉപയോഗിച്ച് ആഘോഷിക്കാന്‍ ഒരു അന്വേഷണഏജന്സിക്കും അധികാരമില്ല. ആ കാര്യം മാനിക്കാതെ രഹസ്യങ്ങളുടെ ചുരുള്‍ എന്ന രീതിയില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നു ഐ ബിയും ചില പോലീസ് ഉദ്യോഗസ്ഥരും. അതിനുപിന്നില്‍ സെഗാളിനെ വലയിലാക്കിയ സി ഐ എ വനിതയുടെ ബുദ്ധി ഉണ്ടായിരുന്നു എന്നത് സെഗാള്കേസ് പരിശോധിച്ചാല്‍ ബോധ്യമാകുന്നു എന്നതാണ് ചാരക്കേസിലെ ട്വിസ്റ്റ്.
ഐ എസ് ആര് ഒ ചാരക്കേസ് അന്വേഷിച്ച ഐ ബി സംഘത്തിന്റെ മേധാവി, രത്തന്‍ സെഗാള്‍ സി ഐ എക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു എന്ന സത്യം ഐ ബിതന്നെ തുറന്നുപറയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തതിലൂടെ ആ ഉദ്യോഗസ്ഥന്റെ അന്വേഷണവഴികളും പരിശോധിക്കേണ്ട ബാധ്യത ജുഡീഷ്യല്‍ കമ്മീഷനുമേല്‍ വരുന്നുണ്ട്.
രത്തന്‍ സെഗാള്‍ നിര്‍ത്തിയ ഇടത്തുനിന്ന് ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം തുടര്‍ന്നാല്‍ ഐ ബിയിലെ പലരുടെയും തൊപ്പികളിലേക്ക് അന്വേഷണമെത്തും. തുടര്‍ന്ന് ഐ ബിയിലെ അന്നത്തെ ഉദ്യോഗസ്ഥര്‍ നേരിട്ട് സംവദിച്ച കേരള പൊലീസിലെ സിംഹങ്ങളെക്കൂടി ചോദ്യംചെയ്യേണ്ടി വരും. അപ്പോള്‍ സി ഐ എയുമായി ബന്ധമുള്ള ഉന്നത കോണ്‍ഗ്രസ് നേതാവിലേക്ക് അന്വേഷണമെത്തും. ചാരക്കേസിന്റെ മറവില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാക്കുകയും ഇപ്പോഴും ചര്‍ച്ചകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് മാത്രം ഒതുക്കി, സാമ്രാജ്യത്വ ശക്തിയുടെ ഇടപെടലിനെ മറച്ചുപിടിക്കുകയും ചെയ്യുന്ന ആ കോണ്ഗ്രസ്ബുദ്ധി സി ഐ എയുടേതാണെന്ന് തെളിയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണണം.
16-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ