വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ ചേര്‍ന്നു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ ചേര്‍ന്നു.ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളും എത്തി. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്ന് ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര പറഞ്ഞു.

ഇന്ത്യൻ കോണ്‍ഗ്രസിന്‍റെ ബിഗ് ഡേ ആണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സമരത്തിൽ അടക്കം ഒപ്പം നിന്ന മാധ്യമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ അഭിമാനമുണ്ടെന്നും തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

ഒളിംപിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ എക്സ് പോസ്റ്റിലൂടെയാണ് വിനേഷ് റെയില്‍വെ ജോലി രാജിവെക്കുന്നകാര്യം പ്രഖ്യാപിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിതഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു.

06-Sep-2024