രേവാരി ബലാത്സംഗം , മൂന്നു പ്രതികളുടെ ചിത്രം പുറത്ത്.
അഡ്മിൻ
ഹരിയാന: രേവാരി കൂട്ട ബലാത്സംഗ കേസിലെ മുഖ്യ പ്രതിയും, ആർമി ഉദ്യാഗസ്ഥനുമായ പങ്കജിനു ജോലി ലഭിക്കാൻ സഹായിച്ചത് ഇരയുടെ പിതാവ്. പത്തൊന്പതുകാരിയും സി ബി എസ് ഇ ടോപ്പറുമായ ഇരയുടെ പിതാവ് ആർമി യിൽ ചേരുന്നതിനായി ആ ഗ്രാമത്തിലെ ആളുകൾക്ക് പരിശീലനം നൽകിയിരുന്ന വ്യക്തിയായിരുന്നു. . പങ്കജിനും ഇത്തരത്തിലുള്ള പരിശീലനം ലഭിച്ചിരുന്നു. സ്പോർട്സ് ക്വോട്ടയിലൂടെയാണ് പങ്കജിനു ആർമിയിൽ ജോലി ലഭിക്കുന്നത്.
സെപ്റ്റംബർ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘം പകൽ വെളിച്ചത്തിൽ പത്തൊൻപതു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ നില വഷളായപ്പോൾ പ്രതികൾ ഡോക്ടറെ വിളിച്ചു വരുത്തുകയും , ഒടുവിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയുമാണുണ്ടായത്. പെൺകുട്ടിയെ പരിശോധിക്കാനെത്തിയ ഡോക്ടറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളെന്ന് കരുതുന്ന മൂന്നു പേരുടെ ചിത്രങ്ങൾ ഹരിയാന പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ആർമി ഉദ്യോഗസ്ഥനായ പങ്കജ്, കൂടാതെ മനീഷ്, നിഷു എന്നിവരുടെ ചിത്രങ്ങളുമാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ സംഭവം നടന്നു ഇത്ര സമയം കഴിഞ്ഞിട്ടും പ്രതികളിൽ ആരെയും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല . പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പെൺകുട്ടി തന്നെയാണ് പൊലീസിന് കൈമാറിയത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.