ബിഷപ്പിനെതിരെ സമരം ആളിപ്പടരുന്നു
അഡ്മിൻ
എറണാകുളം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷക സംഘത്തിന് മുന്നിലേക്ക് ചോദ്യം ചെയ്യലിനായി കേരളത്തിലേക്കെത്തുമ്പോള്‍ ബിഷപ്പിനെതിരായ സമരം കൂടുതല്‍ ചൂടുപിടിക്കും. കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യത്യസ്തമായ സമരം കേരളമാകെ പടര്‍ന്നുപിടിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇരയായ കന്യാസ്ത്രീയുടെ സഹോദരി ഇന്ന് രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങും. ഹൈക്കോടതി വഞ്ചി സ്‌ക്വയറില്‍ അഞ്ചു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഇന്നു പത്താം ദിവസത്തിലേക്ക് കടന്നിരിക്കെ സാമൂഹ്യപ്രവര്‍ത്തകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
പ്രഫ. എം.എന്‍. കാരശേരിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് 24 മണിക്കൂര്‍ ഉണര്‍ന്നിരിപ്പ് സമരവും ഇന്നാരംഭിക്കും. കുറവിലങ്ങാട്ട് ബഹുജന കൂട്ടായ്മ നടക്കും. സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി ജില്ലാ ആസ്ഥാനങ്ങളില്‍ സമരകേന്ദ്രങ്ങള്‍ തുറക്കും. നാളെ വൈകിട്ട് പന്തംകൊളുത്തി പ്രകടനമുണ്ടാവും. വൈകിട്ട് അഞ്ചിന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. പി. ഗീത പങ്കുചേരും. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കു പിന്തുണ നല്‍കാന്‍ സേവ് ഔവര്‍ വിമന്‍ എന്ന പേരില്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കും തുടക്കമാകുകയാണ്.
ബിഷപ്പ് ഫ്രാങ്കോ 19നെത്താനിരിക്കെയാണ് വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മറ്റു പ്രദേശങ്ങളില്‍ സമരം നടത്തുന്ന ജനകീയസമിതികള്‍ കന്യാസ്ത്രീകള്‍ക്കു പിന്തുണ പ്രഖ്യാപിച്ചത്. കീഴാറ്റൂര്‍ സമരസമിതി, കാതിക്കൂടം ആക്ഷന്‍ കൗണ്‍സില്‍, പശ്ചിമഘട്ട സംരക്ഷണ വേദി, പുതുവൈപ്പ് ഐ.ഒ.സി. വിരുദ്ധസമിതി, അധിനിവേശ പ്രതിരോധ സമിതി, സ്ത്രീകൂട്ടായ്മയായ ശബ്ദം, പെണ്ണൊരുമ, ആര്‍.എം.പി, മനുഷ്യാവകാശ സംരക്ഷണവേദി, യുവകലാസാഹിതി തുടങ്ങിയ സംഘടനകളിലെ ആക്റ്റിവിസ്റ്റുകൾ സമരവേദിയിലെത്തി സമരം വ്യാപിപ്പിക്കാനുള്ള സഹകരണം പ്രഖ്യാപിച്ചു.
ജനകീയ സമരസംഗമം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണന്‍ സംസാരിച്ചു. നടി രമാദേവി, ഷാനിമോള്‍ ഉസ്മാന്‍, എന്‍. വേണു, കെ എം ഷാജഹാന്‍ തുടങ്ങിയവരും സമരപ്പന്തലിലെത്തി. തുടര്‍ന്നു കെ എസ് യു. പ്രവര്‍ത്തകരും സമരവേദിയിലെത്തി. സംസ്ഥാനത്തെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടകിന്റെ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കന്യാസ്ത്രികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.
എട്ടു ദിവസമായി നിരാഹാരത്തിലായിരുന്ന സ്റ്റീഫന്‍ മാത്യുവിന്റെ ആരോഗ്യനില മോശമായതോടെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റി. പകരം സമരസമിതി പ്രവര്‍ത്തക അലോഷ്യ ജോസഫ് നിരാഹാരം ആരംഭിച്ചു. അതിനിടയില്‍, എ.എം.പി തിരുനല്ലൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബിഷപ് ഫ്രാങ്കോയുടെ കോലം കത്തിച്ചു. തിരുനല്ലൂര്‍ സെന്റ് ജോസഫ് പള്ളിക്കു സമീപമായിരുന്നു പ്രതിഷേധം. ബിഷപ്പിന്റെ പണത്തിലും സ്വാധീനത്തിലും മയങ്ങിയ കെ.സി.ബി.സി. വേട്ടക്കാരനൊപ്പം നില്‍ക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
17-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ