ചുമതലകളില്‍ നിന്നൊഴിവാക്കാന്‍ മാര്‍പ്പാപ്പയ്ക്ക് ബിഷപ്പ് ഫ്രാങ്കോവിന്റെ കത്ത്.

ജലന്ധര്‍ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭരണച്ചുമതലയില്‍ നിന്ന് മാറിനില്‍ക്കാന്‍ താത്പര്യം അറിയിച്ച് മാര്‍പാപ്പയ്ക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകേണ്ടതിനാലാണ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ച് അനുമതി തേടിയത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇത്തരത്തിലൊരു കത്ത് അയച്ചത്. ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകേണ്ടതുണ്ട്. ഇക്കാര്യത്തിനായി പലതവണ കേരളത്തിലേക്ക് പോകേണ്ടി വരും. അതിനാല്‍ ഏറെസമയം രൂപതയില്‍ നിന്ന് മാറിനില്‍ക്കേണ്ടതുള്ളതിനാല്‍ ബിഷപ്പ് ഹൗസിന്റെ ഭരണചുമതലയില്‍ നിന്ന് ഒഴിയാന്‍ തന്നെ അനുവദിക്കണം എന്നാണ് കത്തിന്റെ ഉള്ളടക്കം. ബിഷപ്പ് കത്തയച്ച വിവരം  വാര്‍ത്താകുറിപ്പിലൂടെ ജലന്ധര്‍ രൂപത സ്ഥിരികരിച്ചു. അഭിവന്ദ്യ പിതാവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിന്മേലുള്ള അന്വേഷണത്തില്‍ ഹൈക്കോടതിയില്‍ നിന്നും നിരപരാധിത്വത്തിലേക്കു വിരല്‍ ചൂണ്ടുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാനും സമയം ഏറെ ചെലവഴിക്കേണ്ടി വരുന്നതിനാലും കേരളത്തിലേക്ക് കേസുമായി ബന്ധപ്പെട്ട് പലതവണ പോകേണ്ടി വരുന്നതിനാലും രൂപതയുടെ ഭരണ ചുമതലയില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കാന്‍ അനുവദിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് കത്തയച്ചതെന്ന് രൂപത പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ 19ന് കേരളത്തിലെത്തും. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വത്തിക്കാനില്‍ നിന്നുമുള്ള പിന്തുണ നിലവിലിരിക്കെ അദ്ദേഹം മാര്‍പ്പാപ്പയ്ക്ക് കത്തയച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്. കടുത്ത ആത്മവിശ്വാസത്തോടെയാണ് ബിഷപ്പ് അന്വേഷണത്തെ നേരിടുന്നതെന്ന സൂചനയാണ് ബിഷപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പുറത്തുവിടുന്നത്. ബിഷപ്പിനെതിരായ സമരങ്ങള്‍ കേരളത്തിനകത്തുനിന്നും പുറത്തേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്ന വേളയിലാണ് ഫ്രാങ്കോയുടെ മാര്‍പ്പാപ്പയ്ക്കുള്ള കത്ത് എന്നതും പ്രസക്തമാണ്. ബിഷപ്പ് കുടുങ്ങുകയാണെങ്കില്‍ സമരത്തിന് പിറകിലുള്ള ശക്തികളെ കൂടി കുടുക്കുമെന്നാണ് ബിഷപ്പിന്റെ ചേരിയിലുള്ളവര്‍ പറയുന്നത്. എന്നാല്‍, മാര്‍പ്പാപ്പയ്ക്ക് കത്തയച്ചതിലൂടെ തങ്ങളുടെ ലക്ഷ്യം സുഗമമാവുന്നു എന്നാണ് ബിഷപ്പ് വിരുദ്ധ ചേരി അവകാശപ്പെടുന്നത്. കൃസ്തീയ സഭകളിലെ വിഭാഗീയതകള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന പ്രവണതയ്ക്കാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിലൂടെ തുടക്കമിടുന്നത്.  

17-Sep-2018