ശ്രുതിക്ക് സർക്കാർ ജോലി നൽകും: മന്ത്രി കെ രാജൻ

ശ്രുതിയെ തനിച്ചാക്കില്ലെന്നും സർക്കാർ ജോലി നൽകുമെന്നും മന്ത്രി കെ രാജൻ. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല. ശ്രുതിയ്ക്ക് സർക്കാർ ജോലി നൽകും. സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരൻ ജെൻസന്റെ വേർപാടിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഇന്നലെ കൽപ്പറ്റയിലെ വെള്ളാരംകുന്നിൽ ഉണ്ടായ അപകടത്തിൽ ജെൻസനും ശ്രുതിയും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന വാനിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.

12-Sep-2024