ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെതിരെ വിമർശനവുമായി ഇന്ദിര ജയ്സിങ്
അഡ്മിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെ വീട്ടിലെത്തി ഗണേശപൂജയിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനവുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. ജുഡീഷ്യറിയുടെയും എക്സിക്യൂട്ടിവിന്‍റെയും അധികാരങ്ങൾ തമ്മിലെ വേർതിരിവിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടിയെന്ന് അവർ പറഞ്ഞു.
ചീഫ് ജസ്റ്റിസിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും ഇന്ദിര ജയ്സിങ് വിമർശിച്ചു. അഭിഭാഷകൻ പ്രശാന്ത് ഭൂഷനും ചീഫ് ജസ്റ്റിസിന്‍റെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ജഡ്ജിമാർക്കുള്ള പെരുമാറ്റച്ചട്ടം ചീഫ് ജസ്റ്റിസിനെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റ്.
ചീഫ് ജസ്റ്റിസിന്‍റെ സ്വതന്ത്ര നിലപാടുകളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ചീഫ് ജസ്റ്റിസിന്‍റെ നടപടിയെ സുപ്രീംകോടതി ബാർ അസോസിയേഷൻ അപലപിക്കണം’ -ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്തത്. ഗണേശ ചതുർഥി ആഘോഷത്തിന്‍റെ ഭാഗമായായിരുന്നു ചീഫ് ജസ്റ്റിനും പത്നി കൽപന ദാസിനുമൊപ്പം മോദി പൂജയിൽ പങ്കെടുത്തത്.