സത്യം എൻ്റെ ഭാഗത്താണെന്ന് തെളിഞ്ഞു; ജയിൽ മോചിതനായി അരവിന്ദ് കെജ്‌രിവാൾ
അഡ്മിൻ
ഡൽഹി മദ്യനയ കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. തിഹാറിന് ജയിലിന് പുറത്ത് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്.
ജനങ്ങൾക്കായി സേവനം തുടരുമെന്ന് അരവിന്ദ് കെജ്‌രിവാൾ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിൽ പറഞ്ഞു. സത്യം തൻ്റെ ഭാഗത്താണെന്ന് തെളിഞ്ഞു. ദൈവം തൻ്റെ കൂടെയാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.കെജ്‌രിവാളിന്‍റെ ഹർജിയില്‍ സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചായിരുന്നു ഇന്ന് ഹർജി പരിഗണിച്ചത്.
ആറു മാസങ്ങള്‍ക്ക് ശേഷമാണ് കെജ്‌രിവാള്‍ ജയില്‍ മോചിതനാകുന്നത്. ഉപാധികളോടെയാണ് കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡല്‍ഹി സെക്രട്ടറിയേറ്റിലോ പ്രവേശിക്കാന്‍ സാധിക്കില്ല. മാത്രമല്ല, ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ അനുമതിയില്ലാതെ സർക്കാർ ഫയലുകളില്‍ ഒപ്പുവെയ്ക്കാന്‍ കഴിയില്ല. 10 ലക്ഷം രൂപയുടെ ബോണ്ടിലും അത്രയും തന്നെ തുകയുടെ ആൾജാമ്യത്തിലുമായിരിക്കും കെജ്‍രിവാളിന്‍റെ മോചനം.ഇതിനു പുറമെ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളുമായി സംസാരിക്കാനോ പ്രസ്താവനകള്‍ നടത്താനോ കെജ്‌രിവാളിന് അനുമതിയുണ്ടാവുകയില്ല.
ഹർജിയില്‍ ബെഞ്ചിന് ഭിന്നവിധിയായിരുന്നു. ജസ്റ്റിസ് ഉജ്ജൽ ഭുയാന്‍ വിധിയിൽ കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ചു. കെജ്‌രിവാളിന്‍റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നും ആയിരുന്നു ജസ്റ്റിസ് സൂര്യകാന്ത് മിശ്രയുടെ നിരീക്ഷണം.